ലഹരിയുടെ ഒഴുക്ക് കൂടി; കേസുകളും അറസ്റ്റും കൂടുതൽ കേരളത്തിൽ, 2023-ൽ 28,426 കേസുകൾ

0
95

കൊച്ചി: പരിശോധനകൾ കർശനമാക്കുമ്പോഴും സംസ്ഥാനത്ത് ലഹരി ഇടപാടുകളിൽ വർധന. 2016 മുതൽ 2022 വരെയുള്ള കണക്കുകളിൽ ലഹരിക്കേസുകളിൽ 360 ശതമാനം വർധനയാണ് കേരളത്തിൽ ഉണ്ടായത്. 2021-ൽ 25,000-ത്തോളം പേരാണ് ലഹരിക്കേസിൽ അറസ്റ്റിലായതെങ്കിൽ 2022-ൽ അത് 27,545 ആയി. 2022-ൽ രാജ്യത്തെ മൊത്തം എൻ.ഡി.പി.എസ്. അറസ്റ്റുകളുടെ 29.4 ശതമാനവും കേരളത്തിലായിരുന്നു. 2023-ൽ അറസ്റ്റിലായവരുടെ എണ്ണം 30,000 കടക്കുകയും ചെയ്തിട്ടുണ്ട്.

അതിർത്തി കടന്നുള്ള ലഹരിക്കടത്ത് കൂടിയതോടെയാണ് കേരളം ലഹരിമാഫിയയുടെ പിടിയിലമർന്നത്. കോളേജ് വിദ്യാർഥികൾ, യുവതീ യുവാക്കൾ, സിനിമ, ഐ.ടി. മേഖലകളിലുള്ളവർ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ലഹരിമാഫിയയുടെ പ്രവർത്തനം. വിദേശത്തുനിന്ന് അതിർത്തി കടത്തിയാണ് നേരത്തേ രാസലഹരി രാജ്യത്തേക്ക് എത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഗോവ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ ലഹരിനിർമാണ കേന്ദ്രങ്ങൾ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തുതന്നെ ആദ്യമായി ഹൈദരാബാദിൽ രാസലഹരി നിർമാണ കേന്ദ്രം കണ്ടെത്തി ഉടമയെ അറസ്റ്റ് ചെയ്തത് കേരളത്തിൽ നിന്നുള്ള പോലീസ് സംഘമായിരുന്നു. തൃശ്ശൂരിൽ എം.ഡി.എം.എ. പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ മയക്കുമരുന്ന് നിർമാണ കേന്ദ്രം കഴിഞ്ഞ മാസം പോലീസ് കണ്ടെത്തിയത്.

ലഹരിക്കേസുകൾ സംസ്ഥാനമൊട്ടുക്ക് കൂടുമ്പോൾ അതിൽ മുന്നിൽ കൊച്ചിയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം കൊച്ചിയിൽ 137 കേസുകളിലായി 153 പേരാണ് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here