തിരുവനന്തപുരം: കേരളത്തിന് കൂടുതല്‍ വന്ദേഭാരത് റാക്കുകള്‍ ഉടന്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി റെയില്‍വേ സൂചിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്.
ഒരെണ്ണം തിരുവനന്തപുരം-മംഗലാപുരം റൂട്ടിലും മറ്റൊന്ന് തിരുവനന്തപുരം- കാസര്‍കോട് റൂട്ടിലുമാണ് സര്‍വീസ് നടത്തുന്നത്. പുതിയ റാക്കുകള്‍ എത്തുന്നതോടെ, എട്ടു കോച്ചുകളുള്ള മംഗലാപുരം വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം 16 ആയി വര്‍ധിക്കും. നിലവില്‍ 16 കോച്ചുകളുള്ള തിരുവനന്തപുരം- കാസര്‍കോട് ട്രെയിനില്‍ നാലു കോച്ചുകള്‍ കൂട്ടിച്ചേര്‍ത്ത് 20 കോച്ചുകളായി വര്‍ധിപ്പിക്കും.
നിലവില്‍ തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ വന്ദേഭാരത് ട്രെയിന്‍ 8 മണിക്കൂര്‍ 35 മിനിറ്റുകൊണ്ടാണ് സര്‍വീസ് നടത്തുന്നത്. സമാന റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ 12 മണിക്കൂര്‍ 50 മിനിറ്റ് എടുക്കുമ്പോഴാണ് വന്ദേഭാരത് കുറഞ്ഞ സമയം കൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ വന്‍ വിജയമാണെന്ന് കണ്ടതോടെ, മൂന്നാമതൊരു വന്ദേഭാരത് കൂടി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ബംഗലൂരു-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ മൂന്നു തവണയാണ് ഇതിന്റെ സര്‍വീസ്.