’10K സബ്സ്ക്രൈബേഴ്സ് ഒറ്റദിവസത്തില്‍ ഒരു ലക്ഷം’; മനാഫിന്‍റെ യൂട്യൂബ് ചാനലിനെ പിന്തുണച്ച് കൂടുതല്‍ പേര്‍

0
123

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ പേരില്‍ അര്‍ജുന്‍റെ കുടുംബവും ലോറി ഉടമ മനാഫും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നതിനിടെ മനാഫിനെ തുണച്ച് കൂടുതല്‍ പേര്‍. അര്‍ജുനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിവരങ്ങള്‍ മനാഫ് പങ്കുവച്ചിരുന്ന യൂട്യൂബ് ചാനലിന്‍റെ സബ്സ്ക്രൈബേഴ്സാണ് ഒറ്റ ദിവസം കൊണ്ട് പതിനായിരത്തില്‍ നിന്നും ഒരുലക്ഷം കടന്നത്.

അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ് മനാഫെന്നും പി.ആര്‍. ഏജന്‍സി പോലെയാണ് മനാഫ് പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജുന്‍റെ കുടുംബം ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചിരുന്നു. കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളില്‍ നിന്നും അര്‍ജുന്‍റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്‍റെ സഹോദരീഭര്‍ത്താവ് ജിതിനും അര്‍ജുന്‍റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ താന്‍ ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ മാനാഞ്ചിറ മൈതാനത്ത് വന്ന് നില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോളൂവെന്നുമായിരുന്നു മനാഫിന്‍റെ പ്രതികരണം.

ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മനാഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് നിറയുന്നത്. രാഷ്ട്രീയ– വര്‍ഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവര്‍ക്ക് പിന്നിലെന്നതാണ് പ്രധാനമായി ഉയര്‍ന്നു വന്ന ആരോപണം. ഇങ്ങനെയൊരു ചാനലുണ്ടെന്നറിയിച്ച കുടുംബത്തിന് നന്ദിയെന്നും അളിയന്‍റെ ഈഗോ കാരണം മനാഫ്ക്ക വീണ്ടും വലുതാവുകയാണെന്നുമെല്ലാം ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. മനാഫിന്‍റെ ഉദ്ദേശം വേറെയാണെങ്കില്‍ അര്‍ജുനെ കിട്ടിയതിന് ശേഷം വേറെ വിഡിയോ ഇട്ടേനെയെന്നും ചിലര്‍ കുറിച്ചു.

അതേസമയം, മനാഫ് സെല്‍ഫ് പ്രമോഷന്‍ സ്റ്റാറാണെന്നും അര്‍ജുന്‍റെ കുടുംബം അദ്ദേഹത്തെ തുറന്ന് കാണിക്കുമ്പോള്‍ സമാധാനമെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. മനാഫ് ഇനിയും അര്‍ജുന്‍റെ കുടുംബത്തെ കുറിച്ച് ഒന്നും പറയരുതെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ലോറി ഉടമ മനാഫ് എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ചാനലില്‍ അര്‍ജുനെ കുറിച്ചുള്ള വൈകാരിക സംഭാഷണങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് വിഡിയോകളുള്ളത്. 13 ദിവസം മുന്‍പാണ് ചാനലില്‍ നിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

https://youtube.com/@lorryudamamanaf?si=eNs88a3cCD9oyfjK

 

LEAVE A REPLY

Please enter your comment!
Please enter your name here