മലപ്പുറം: സ്വര്‍ണ കള്ളക്കടത്തിനെതിരേ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്ന കെ.ടി ജലീൽ എം.എൽ.എയുടെ പ്രസ്താവനയ്‌ക്കെതിരേ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള കെ.ടി ജലീലിന്റെ ശ്രമമാണിതെന്നും കളി പാണക്കാട് തങ്ങളോട് വേണ്ടെന്നും ഇ.ടി പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തിന്റെ ഇടപാടുകരെ മുഴുവന്‍ തന്റെ അധികാരസ്ഥാനത്തിരുത്തി പോലീസ് മേധാവിത്വത്തെ തന്നെ മാറ്റിമറിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കെ.ടി ജലീല്‍ നടത്തിയ പ്രസ്താവന വളരെ ഹീനമായിപ്പോയി. കളി പാണക്കാട് തങ്ങളോട് വേണ്ട എന്നാണ് പറയാനുള്ളത്- ഇ.ടി പറഞ്ഞു.
സ്വര്‍ണക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും അതില്‍ വിശ്വാസികള്‍ ഇടപെടരുതെന്നും ആവശ്യപ്പെട്ട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പ്രഖ്യാപിക്കണമെന്നുമാണ് കെ.ടി. ജലീല്‍ എം.എല്‍.എ പറഞ്ഞത്. ജില്ലയെ അപമാനിച്ചെന്ന് പറയുന്ന മതപണ്ഡിതന്‍മാര്‍ എപ്പോഴെങ്കിലും അവരുടെ പ്രസംഗവേദികളില്‍ കള്ളക്കടത്ത്, ഹവാല എന്നിവ നിഷിദ്ധമാണെന്നു പറയാത്തതെന്തുകൊണ്ടാണ്? ഇതിനെതിരേ സംഘടനകള്‍ രംഗത്തുവരണമെന്നുമാണ് ജലീല്‍ പറഞ്ഞത്.
സ്വര്‍ണക്കടത്ത് മതനിഷിദ്ധമാണെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ മലപ്പുറത്തിന്റെമേല്‍ ഇങ്ങനെയുള്ള അപകീര്‍ത്തികള്‍ ഉണ്ടാകില്ല. മലപ്പുറം എന്നു പറയുമ്പോള്‍ അവിടത്തെ പ്രബലമായ ഒരു വിഭാഗത്തെയാണ് ഉന്നംവെക്കുന്നത്. കരിപ്പൂരിലാണ് ഇന്ത്യയില്‍ ഏറ്റവും കുറവ് തെറ്റുകള്‍ നടക്കേണ്ടത് എന്നു വിശ്വസിക്കുന്നയാളാണ് താനെന്നും ജലീല്‍ പറഞ്ഞു. മുസ്ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്നു വിശ്വസിക്കുന്നില്ല. എസ്.ഡി.പി.ഐ.യെ പോലെയും ജമാഅത്തെ ഇസ്ലാമിയെ പോലെയുമല്ല ലീഗ്. പക്ഷേ, ലീഗില്‍ തീവ്രനിലപാടുള്ള ഒരു വിഭാഗമുണ്ടെന്നും ജലീൽ കഴിഞ്ഞ ദിവസം പറഞ്ഞു.
പി.വി. അന്‍വറിനോട് വിവാദങ്ങള്‍ ഉണ്ടാകുന്നതിനുമുന്‍പ് സംസാരിച്ചിരുന്നെന്നും ജലീല്‍ പറഞ്ഞു. അന്‍വര്‍ ഉന്നയിച്ചിരുന്ന മലപ്പുറം ജില്ലാ പോലീസ് മേധാവികളായിരുന്ന സുജിത്ദാസ്, എസ്. ശശിധരന്‍, എ.ഡി.ജി.പി. അജിത്കുമാര്‍ എന്നിവര്‍ വരെയുള്ള വിഷയങ്ങളില്‍ ചില വസ്തതുതകളുണ്ട്. ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ല. വിഷയം വേറെയൊരു മേഖലയിലേക്കു കൊണ്ടുപോകാന്‍ അന്‍വര്‍ ശ്രമിച്ചപ്പോഴാണ് യോജിക്കാതായത്. ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്നതു സമുദായത്തെക്കൂടി പരിഗണിച്ചാണ്. അന്‍വറിന്റെ വഴിക്ക് താനും പോയാല്‍ സമുദായത്തെ ആരെങ്കിലും വിശ്വസിക്കുമോയെന്നും ജലീല്‍ ചോദിച്ചു.