തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വീടിന് നേരെ ലബനാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം. ഇസ്രായേലിലെ വടക്കൻ പട്ടണമായ സിസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് നേരെയാണ് ആക്രമണം. ഇക്കാര്യം പ്രധാനമന്ത്രിയുടെ വക്താവ് സ്ഥിരീകരിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Hezbollah's drone teases Israeli helicopter pic.twitter.com/HkGlzmGoIQ
— Iran Military (@IRIran_Military) October 19, 2024
ശനിയാഴ്ച നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം ഡ്രോൺ വീണു പൊട്ടിത്തെറിച്ചതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യഹ്‍യ സിൻവാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം. സംഭവസമയത്ത് നെതന്യാഹുവും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.
ലബനാനിൽ നിന്ന് വിക്ഷേപിച്ച മറ്റു രണ്ട് ഡ്രോണുകൾ വ്യോമ പ്രതിരോധം തകർത്ത് തെൽഅവീവ് ഭാഗത്ത് വീണ് സ്ഫോടനമുണ്ടായി. പ്രദേശത്ത് സൈറണുകൾ മുഴങ്ങിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോൺ ആക്രമണത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നതായി സൗദി മാധ്യമമായ അൽ ഹദത്ത് റിപ്പോർട്ട് ചെയ്തു. ലബനാനിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള സിസേറിയയിലെ കെട്ടിടത്തിലാണ് ഡ്രോൺ പറന്നിടിച്ചതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.