തിരിച്ചുവരില്ലെന്ന് മകൾക്ക് അവസാന മെസേജ്, ബിഎംഡബ്ല്യു പരിശോധിച്ചിട്ടും തുമ്പില്ല, മുംതാസ് അലി എവിടെ? ദുരൂഹത

0
160

മംഗളൂരു: മംഗളുരുവിൽ കാണാതായ പ്രമുഖ വ്യവസായി മുംതാസ് അലിക്ക് വേണ്ടിയുള്ള തെരച്ചിൽ കുലൂർ പുഴയിൽ തുടരുകയാണ്. പുഴക്കരയിൽ മുൻവശം തകർന്ന നിലയിൽ കണ്ടെത്തിയ മുംതാസ് അലിയുടെ ബിഎംഡബ്ലിയു കാറിൽ പോലിസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുലൂർ പാലത്തിന് മുകളിൽ നിന്ന് മുംതാസ് അലി താഴേക്ക് ചാടി എന്ന നിഗമനത്തിലാണ് പൊലിസ്.

മംഗളുരു നോർത്തിലെ മുൻ കോൺഗ്രസ് എംഎൽഎയും ഇപ്പോൾ ജെഡിഎസ് അംഗവുമായ ബിഎം മൂഹിയിദ്ദീൻ ബാവയുടെ സഹോദരനാണ് പ്രമുഖ വ്യവസായിയായ ബിഎം മുംതാസ് അലി. മംഗളുരുവിലെ കാട്ടിപ്പള്ളയിലുള്ള മിസ്ബാ വിമൻസ് കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയായ മുംതാസ് അലിക്ക് മത്സ്യക്കയറ്റുമതി ബിസിനസ്സും ഉണ്ട്. മംഗളുരുവിലെ മലയാളി സമൂഹവുമായും കാന്തപുരം എപി സുന്നി വിഭാഗവുമായും അടുത്ത ബന്ധം പുലർത്തുന്ന മുംതാസ് അലിയുടെ തിരോധാനം ജില്ലയിലെ വ്യവസായി സമൂഹത്തിന് ഇടയിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ന് പുലർച്ചെ 3 മണിയോടെ വീട്ടിൽ നിന്ന് കാർ എടുത്ത് ഇറങ്ങിയ മുംതാസ് അലി പുലർച്ചെ 5 മണിയോടെ കൂലൂർ പാലത്തിന് മുകളിൽ കാർ പാർക്ക് ചെയ്തത് കണ്ടവർ ഉണ്ട്. പിന്നീട് മകളുടെ ഫോണിലേക്ക് താൻ തിരിച്ചുവരില്ല എന്നൊരു മെസ്സേജ് എത്തി. ഇത് കണ്ടതോടെയാണ് മകൾ മുംതാസ് അലിയെ അന്വേഷിച്ച് ഇറങ്ങിയത്. മുൻ വശത്ത് ഇടിച്ചു തകർന്ന നിലയിൽ മുംതാസ് അലിയുടെ കാർ പുഴയുടെ ഒരു വശത്ത് കണ്ടെത്തിയ മകൾ ആണ് വിവരം പൊലീസിനെ അറിയിച്ചത്. മുംതാസ് അലി പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയതാണോ എന്ന സംശയത്തിൽ പൊലിസ് ഇന്ന് ഇരുട്ടുന്നത് വരെ പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

കോസ്റ്റ് ഗാർഡും ഫയർ ഫോഴ്‌സും എസ്ഡിആർഎഫും അടക്കം നടത്തിയ പരിശോധനയ്ക്ക് സഹായവുമായി പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും എത്തിയിരുന്നു. പാലത്തിന് കീഴെ ഉള്ള സിമന്റ് ചാക്കുകളും ചളിയും മൂലം വെള്ളത്തിന് അടിയിൽ തെരച്ചിൽ ദുഷ്കരമാണ്. മുംതാസ് അലിയുടെ തിരോധാനത്തിൽ ദുരൂഹതകൾ ഉണ്ടോ അതോ ആത്മഹത്യാ ശ്രമം ആണോ എന്ന് പൊലിസ് അന്വേഷിച്ച് വരികയാണ്. തെരച്ചിൽ നാളെയും തുടരും. സമാന്തരമായി മുംതാസ് അലിയുടെ ബിസിനസ് ഇടപാടുകളും സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നോ എന്നതടക്കവും പൊലീസ് പരിശോധിച്ചു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here