‘ഉറങ്ങുന്ന രണ്ട് വ്യക്തികൾക്കിടയിൽ ആശയവിനിമയമോ? ‘; സിനിമയിലല്ല ജീവിതത്തിൽ

0
180

സ്വപ്നം കാണുകയാണെന്ന് സ്വപ്നത്തിൽ തന്നെ നമ്മൾ മനസ്സിലാക്കുന്നതിനെയാണ് ലൂസിഡ് ഡ്രീം എന്നു പറയുന്നത്. ഈ സ്വപ്നത്തെ, നമുക്ക് നിയന്ത്രിക്കാൻ കഴിയുമെന്നതും ലൂസിഡ് ഡ്രീമിം​ങിന്റെ സവിശേഷതയാണ്. നിരന്തരമായ പരിശീലനങ്ങളിലൂടെ ലൂസിഡ് ഡ്രീമിം​ഗ് കാണാനുള്ള കഴിവ് സ്വായത്തമാക്കാൻ സാധിക്കും. ഇന്നലെവരെ സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ കണ്ടിരുന്ന ഈ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭാസത്തെ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കാലിഫോർണിയ REMspace എന്ന സ്റ്റാർട്ടപ്പ് കമ്പനിയിലെ ​ഗവേഷകർ.

ഉറക്കവും ലൂസിഡ് ഡ്രീമിം​ഗും ത്വരിതപ്പെടുത്താൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന കമ്പനിയാണ് ഉറങ്ങിക്കിടക്കുന്ന രണ്ട് പേർ തമ്മിൽ ആശയവിനിമയം സാധ്യമാക്കിയ പരീക്ഷണം നടത്തിയത്. ദൗത്യത്തിന്റെ ഭാ​ഗമായ രണ്ട് പേരും ലൂസിഡ് ഡ്രീമിം​ഗിൽ വിദ​ഗ്ധരാണ്. ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നത്തിൽ പൂർണ ബോധവാന്മാരായ രണ്ട് പേരെയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഉറക്കത്തിന്റെ REM സ്റ്റേജിലാണ് (Rapid Eye Movement) ലൂസിഡ് ഡ്രീമിം​ഗ് സംഭവിക്കുക.

തലച്ചോറ് ഏറ്റവും സജീവമായിരിക്കുന്ന ഘട്ടമാണിത്. ഈയൊരു ഘട്ടത്തിൽ കാണുന്ന സ്വപ്നങ്ങൾ തെളിച്ചമുള്ളതും വ്യക്തവുമായിരിക്കും. പരീക്ഷണത്തിന് വിധേയരായവർ ഉറങ്ങാൻ ആരംഭിച്ചപ്പോൾ അവരുടെ മസ്തിഷ്ക തരം​ഗങ്ങളും പോളിസോമ്നോ​ഗ്രാഫിക് ഡാറ്റയും പ്രത്യേക യന്ത്രം ഉപയോഗിച്ച് രേഖപ്പെടുത്തിയിരുന്നു. ആദ്യത്തെയാൾ ലൂസിഡ് ഡ്രീമിം​ഗിലേക്ക് കടന്നതോടെ അതിന്റെ തരം​ഗങ്ങൾ ലഭിച്ചു തുടങ്ങി. ഇതിൽ നിന്ന് റെമ്മ്യോ എന്ന പ്രത്യേകതരം ഭാഷയിലുള്ള ഒരു വാക്ക് ലഭിക്കുകയും ഈ പദം രണ്ടാമത്തെ വ്യക്തിക്ക് ഇയർബഡ്സിലൂടെ കേൾപ്പിക്കുകയും ചെയ്തു.

ആദ്യത്തെ വ്യക്തി ഷിലാക് ( ‘Zhilak’ ) എന്ന പദമാണ് സ്വപ്നത്തിനിടെ ആവർത്തിച്ച് ഉച്ചത്തിൽ പറഞ്ഞത്. അദ്ദേഹത്തിന്റെ ശബ്ദം സെൻസറുകൾ പിടിച്ചെടുത്ത് സെർവറിൽ ശേഖരിക്കുകയും ഈ സന്ദേശം രണ്ടാമത്തെ വ്യക്തിക്ക് കൈമാറുകയും ചെയ്തു. ഉറങ്ങാൻ കിടന്ന് എട്ടാമത്തെ മിനിറ്റിലാണ് രണ്ടാമത്തെ വ്യക്തി ലൂസിഡ് ഡ്രീമിലേക്ക് പ്രവേശിച്ചത്.

Zhilak എന്ന പദം ഈ വ്യക്തി കേൾക്കുകയും കേട്ടുവെന്ന് സ്ഥിരീകരിക്കാൻ അത് ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്തു. ഇരുവരും ഉറങ്ങി എഴുന്നേറ്റപ്പോൾ കേട്ടവാക്ക് സ്വബോധത്തിൽ വെളിപ്പെടുത്തുകയും പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.

ഉറക്കത്തിലായിരുന്ന രണ്ട് പേർ പരസ്പരം ആശയവിനിമയം നടത്തിയെന്നത് കേവലമൊരു നാഴികക്കല്ല് മാത്രമല്ല, ബോധമനസും ഉപബോധമനസും തമ്മിലുള്ള വിടവ് നികത്താൻ മനുഷ്യന് സാധിച്ചുവെന്ന ചരിത്രനേട്ടമാണ് ​ഗവേഷകർ കൈവരിച്ചത്. നാളെ അത് സ്വാഭാവികമായ കാര്യമായി മാറുമെന്ന് സ്ഥിരീകരിക്കപ്പെട്ടതായി REMspace സിഇഒയും സ്ഥാപകനുമായ മൈക്കൽ റഡു​ഗ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here