കാറുകളില്‍ കുട്ടികള്‍ക്ക് സുരക്ഷാ സീറ്റ് ഉടൻ നടപ്പാക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാർ

0
62

തിരുവനന്തപുരം: കാറുകളില്‍ കുട്ടികള്‍ക്ക് സുരക്ഷാ സീറ്റ് ഉടന്‍ നടപ്പിലാക്കില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞത് നിയമപരമായ കാര്യമാണ്. എന്നാല്‍ കേരളത്തില്‍ അത്തരം പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാവില്ല. കേരളത്തില്‍ ചൈല്‍ഡ് സീറ്റിന്റെ ലഭ്യത കുറവാണെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ മുതല്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് മന്ത്രി തിരുത്തിയത്.

ചൈല്‍ഡ് സീറ്റ് കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ബോധവത്ക്കരണം മാത്രമാണ് ഉദ്ദേശിച്ചത്. നിയമത്തില്‍ പറയുന്ന കാര്യം ഗതാഗത കമ്മീഷണര്‍ പറഞ്ഞുവെന്നേ ഉള്ളു. നടപ്പാക്കണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ബലം പ്രയോഗിച്ച് നടപ്പാക്കില്ല. ഇതേപ്പറ്റി ചര്‍ച്ച ചെയ്യാന്‍ താന്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നു പറഞ്ഞത് നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യരുത് എന്നാണ് നിയമം. അമ്മമാര്‍ കുട്ടികളെ എടുത്ത് പിന്‍സീറ്റില്‍ ഇരിക്കുക എന്നതാണ് നടക്കുന്ന കാര്യം. ചൈല്‍ഡ് സീറ്റൊന്നും ഇവിടെ കിട്ടാനില്ല. അതുകൊണ്ട് ഇതൊന്നും അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച ആകട്ടെ എന്നു മാത്രമേ ഗതാഗത കമ്മീഷണര്‍ കരുതിയിട്ടുള്ളു. കേന്ദ്രത്തിന്റെ ഗതാഗത നിയമത്തില്‍ പറയുന്ന കാര്യമാണിത്. നടപ്പാക്കണമെന്ന് കേന്ദ്രം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുമ്പോള്‍ ആലോചിക്കാം. ബൈക്കില്‍ പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഹെല്‍മറ്റ് വയ്ക്കുന്നത് നല്ലതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here