ചൈല്‍ഡ് സീറ്റും ഹെല്‍മെറ്റും നിര്‍ബന്ധം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എം.വി.ഡി.; ഡിസംബർ മുതൽ പിഴ

0
141

വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും കുട്ടികളുമായി യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. കാറുകളില്‍ കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റും ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റും നിര്‍ബന്ധമാക്കും.

ഇതുസംബന്ധിച്ച് ഒക്ടോബര്‍ മാസത്തില്‍ സാമൂഹികമാധ്യമങ്ങളിലടക്കം ബോധവത്കരണം നടത്തും. നവംബര്‍ മാസത്തില്‍ നിയമം ലംഘിച്ച് യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഡിസംബര്‍ മുതല്‍ നിയമം നടപ്പിലാക്കി തുടങ്ങും. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കുട്ടികള്‍ അപകടത്തില്‍പ്പെട്ടാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്വമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

കാറുകളില്‍ കുട്ടികളുടെ സുരക്ഷ
-നാലുവയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാണ്. കാറിന്റെ പിന്‍സീറ്റിലായിരിക്കണം ഇത്. നവജാതശിശുക്കള്‍ക്കും ഇത്തരത്തില്‍ പ്രത്യേക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാണ്.

-നാലുമുതല്‍ 14 വയസ്സ് വരെ പ്രായമുള്ള 135 സെന്റിമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ക്കായി സേഫ്റ്റി ബെല്‍റ്റോട് കൂടിയ ‘ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യന്‍’ ഉപയോഗിക്കണം. ഇതും കാറിന്റെ പിന്‍സീറ്റില്‍ മാത്രമേ ഘടിപ്പിക്കാവൂ.

-ചൈല്‍ഡ് സീറ്റുകള്‍ ഉപയോഗിക്കുന്നത് കുട്ടിയുടെ ഉയരം അടക്കമുള്ള കാര്യങ്ങൾക്ക് അനുസരിച്ചായിരിക്കണം. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡ്രൈവര്‍ ജാഗ്രത കാണിക്കണം.

ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ

-നാല് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണ്.

-കുട്ടിയെ വാഹനം ഓടിക്കുന്നയാളുമായി ബന്ധിപ്പിക്കുന്ന സേഫ്റ്റി ബെല്‍റ്റും സുരക്ഷയ്ക്കായി ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍, ഇത് നിര്‍ബന്ധമില്ലെന്നും പല കുട്ടികളും ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ഉറങ്ങിപ്പോകുന്നതിനാലാണ് ഇത് നിര്‍ദേശിക്കുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here