രാജ്യത്തെ വലിഞ്ഞുമുറുക്കുന്ന അർബുദം; കേസുകളും മരണവും കുത്തനെ ഉയരുമെന്ന് പഠനം

0
106

ഇന്ത്യയില്‍ അർബുദ നിരക്കുകള്‍ വർധിക്കുന്നതായി റിപ്പോർട്ട്. പുരുഷന്മാരില്‍ ചുണ്ട്, വായ അർബുദങ്ങളാണ് കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകള്‍ക്കിടയില്‍ സ്തനാർബുദ കേസുകളും. ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണ ഏജൻസിയായ ഐസിഎംആർ-നാഷണല്‍ സെന്റർ ഫോർ ഡിസീസ് ഇൻഫോമാറ്റിക്‌സ് ആൻഡ് റിസേർച്ചിന്റെതാണ് ഗവേഷണ റിപ്പോർട്ട്.

ഇകാൻസർ ജേർണലിലാണ് ഗവേഷകർ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളിലെ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) അർബുദ കേസുകള്‍, മരണം തുടങ്ങിയവ സംബന്ധിച്ചാണ് പഠനം. ബ്രിക്‌സ് രാജ്യങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന അർബുദം, ഏത്രപേർ മരിക്കുന്നു, ജനങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ പഠനത്തിലുണ്ട്.

പുതിയ അർബുദ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്യുന്നത് റഷ്യയിലാണ്. പ്രോസ്റ്റേറ്റ്, ശ്വാസകോശം, കുടല്‍ എന്നിവിടങ്ങളിലാണ് റഷ്യയിലെ പുരുഷന്മാരില്‍ അർബുദം കൂടുതലായും ബാധിക്കുന്നത്.

ഇന്ത്യയിലെ പുരുഷന്മാരില്‍ വായിലും ചുണ്ടിലുമാണ് അർബുദം കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളില്‍ സ്തനങ്ങളിലും. ചൈനയില്‍ ശ്വാസകോശ അർബുദമാണ് സ്ത്രീകളില്‍ കൂടുതല്‍ റിപ്പോർട്ട് ചെയ്യുന്നതെന്നും പഠനം പറയുന്നു.

അർബുദം ബാധിച്ച് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്ന ദക്ഷിണാഫ്രിക്കയിലാണ്. അർബുദം ബാധിച്ച് കൂടുതല്‍ പുരുഷന്മാർ മരിക്കുന്നത് റഷ്യയിലും സ്ത്രീകള്‍ക്ക് ജീവൻ നഷ്ടമാകുന്നത് ദക്ഷിണാഫ്രിക്കയിലുമാണ്. ഇന്ത്യ ഒഴികയുള്ള മറ്റെല്ലാ ബ്രിക്‌സ് രാജ്യങ്ങളിലും ശ്വാസകോശ അർബുദത്തെ തുടർന്നാണ് കൂടുതല്‍ മരണങ്ങളും സംഭവിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്നത് സ്തനാർബുദമാണ്. വരും വർഷങ്ങളില്‍ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും അർബുദ കേസുകളും മരണങ്ങളും വർധിക്കുമെന്നും ഗവേഷകർ പറയുന്നു.

കാൻസർ എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ആഗോളതലത്തിലെ അർബുദ കേസുകളില്‍ 42 ശതമാനവും ബ്രിക്‌സ് രാജ്യങ്ങളിലാണെന്നാണ്. ചൈനയില്‍ 28 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉത്പാദന നഷ്ടമാണ് അർബുദം മൂലം സംഭവിച്ചതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

2022നും 2045നും ഇടയില്‍ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും അർബുദകേസുകളിലും മരണത്തിലും കുത്തനെയുള്ള വർധനവുണ്ടാകുമെന്നാണ് ഞങ്ങളുടെ വിശകലനം ചൂണ്ടിക്കാണിക്കുന്നത്. 2020നെ അപേക്ഷിച്ച് 2025ലേക്ക് എത്തുമ്പോഴേക്കും ഇന്ത്യയിലെ അർബുദകേസുകളുടെ എണ്ണത്തില്‍ 12.8 ശതമാനം ഉയർച്ചയുണ്ടാകുമെന്നും ഗവേഷണ രചയിതാക്കള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here