മസ്തിഷ്ക മരണം സംഭവിച്ചു, അവയവദാന ശസ്ത്രക്രിയ്ക്കിടെ ഉണർന്ന് 36 കാരൻ, ഞെട്ടിത്തരിച്ച് ഡോക്ടർമാർ, സംഭവം ഇങ്ങനെ

0
128

യുഎസില്‍ മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ രോഗിയെ, അവയവദാനത്തിനായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കവെ ഉണര്‍ന്നു. ഇതിന് പിന്നാലെ അവയവദാന നടപടിക്രമങ്ങള്‍ ആശുപത്രി അധികൃതര്‍ റദ്ദാക്കിയെങ്കിലും മരണം സ്ഥിരീക്കുന്നതിനെ സംബന്ധിച്ച് യുഎസ് ആശുപത്രികളും അവയവദാന ശൃംഖലകളും പിന്തുടരുന്ന പ്രോട്ടോക്കോളുകളെക്കുറിച്ച് ഈ സംഭവം ആശങ്ക ഉയർത്തി. ഹൃദയാഘാതത്തെ തുടർന്ന് കെന്‍റക്കിയിലെ ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്ത രോഗിയാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. അതും അവയവദാനത്തിനായി രോഗിയുടെ അവയവങ്ങള്‍ മാര്‍ക്ക് ചെയ്യുന്നതിനിടെയാണ് രോഗി ബോധത്തിലേക്ക് ഉണര്‍ന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

കെന്റക്കിയിലെ റിച്ച്മണ്ടിലെ ബാപ്റ്റിസ്റ്റ് ഹെൽത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച 36 കാരനായ ആന്‍റണി തോമസ് “ടിജെ” ഹൂവർ രണ്ടാമനാണ് മസ്തികഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍‌മാര്‍ വിധിയെഴുതിയ ശേഷം ജീവിതത്തിലേക്ക് എഴുന്നേറ്റ് വന്നത്. മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇയാളുടെ ലൈഫ് സപ്പോര്‍ട്ട് സംവിധാനങ്ങള്‍ നീക്കം ചെയ്തിരുന്നു. ഒപ്പം അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം അവയവദാന നടപടിക്രമങ്ങള്‍ക്കായി ഡോക്ടര്‍മാര്‍ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി രോഗി ജീവിതത്തിലേക്ക് തിരികെ വന്നത്.

മരണം പ്രഖ്യാപിച്ച സമയത്ത് തോമസിന്‍റെ സഹോദരി ഡോണ റോററും മറ്റ് ബന്ധുക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവയവദാനത്തിനായി ശരീരത്തില്‍ രേഖപ്പെടുത്തുമ്പോള്‍ അദ്ദേഹം കണ്ണ് തുറന്നെന്നും മറ്റൊരു ദിശയിലേക്ക് നോട്ടം മാറ്റിയതായും സഹപ്രവര്‍ത്തകര്‍ ഡോക്ടറെ അറിയിച്ചു. എന്നാല്‍ അത് മരണത്തെ തുടര്‍ന്നുള്ള സാധാരണ പ്രതിപ്രവര്‍ത്തനമാണെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. പക്ഷേ, അതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ശരീരം അനങ്ങിയത് ഡോക്ടമാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇതോടെ ആശുപത്രി അധികൃതര്‍ അവയവദാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. പിന്നലെയാണ് അദ്ദേഹം മരിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്. ഇപ്പോള്‍ സഹോദരിയുടെ കൂടെയുള്ള തോമസിന് സംസാരിക്കാനും ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും ബുദ്ധിമുട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഫെഡറൽ ഹെൽത്ത് റിസോഴ്സസ് ആൻഡ് സർവീസസ് അഡ്മിനിസ്ട്രേഷന്‍ കേസെടുത്ത് അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here