ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിപ്പിച്ച് ആപ്പിൾ. ഐഫോൺ 15 പ്രോ മുതലുള്ള മോഡലുകളിലാവും ആപ്പിൾ ഇന്റലിജൻസ് ലഭ്യമാവുക. മാക്, ഐപാഡ് എന്നിവയുടെ പുതിയ വേർഷനുകളിലും ആപ്പിൾ ഇന്റലിജൻസ് ലഭ്യമാവും ഇതിനൊപ്പം ഐ.ഒ.എസ് 18 ഓപ്പറേറ്റിങ് സിസ്റ്റം ലഭ്യമാകുന്ന ഫോണുകളിൽ കോൾ റെക്കോഡിങ് ഫീച്ചറും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ റൈറ്റിങ് ടൂളുകളാണ് ആപ്പിൾ ഇന്റലിജൻസിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. മെയിൽ, മെസേജ്, പേജ് എന്നിവയിലെല്ലാം ഉപയോഗിക്കാവുന്ന റൈറ്റിങ് ടൂളുകളുടെ പാക്കേജാണ് ഇത്. നമ്മൾ എഴുതുന്ന ഉള്ളടക്കത്തെ തെറ്റുകൾ പരിഷ്‍കരിച്ച് എഴുതാനും പ്രൂഫ് റീഡിങ് നടത്താനും ആപ്പിൾ ഇന്റലിജൻസിന് സാധിക്കും. ഇതിനൊപ്പം ഏറ്റവും ചുരുക്കി മികച്ച ഭാഷയിൽ എഴുത്ത് നടത്താനും ആപ്പിൾ ഇന്റലിജൻസിന് സഹായിക്കും.
പൂർണമായും പരിഷ്‍കരിച്ച മെയിൽ ആപാണ് മറ്റൊരു പ്രത്യേകത. മെസേജുകൾ പൂർണമായും തുറക്കാതെ തന്നെ മെയിലുകളുടെ ഉള്ളടക്കം ചുരുക്കി ലഭ്യമാക്കുന്നത് ആപ്പിൾ ഇന്റലിജൻസ് മെയിൽ ആപിന്റെ പ്രത്യേകത. സിരിയേയും ആപ്പിൾ പൂർണമായും പുതുക്കി പണിയും. കൂടുതൽ സങ്കീർണമായ കമന്റുകൾ പോലും മനസിലാകുന്ന രീതിയിലാവും സിരിയെ ആപ്പിൾ പുതുക്കി പണിയുക. ഇതിനൊപ്പം പുതിയ ഫോട്ടോ ആപ്പിൾ ഇന്റലിജൻസിന്റെ പ്രത്യേകതയാണ്.
മുമ്പ് സാംസങ് അവതരിപ്പിച്ച ആവശ്യമില്ലാത്ത വസ്തുക്കൾ ഫോട്ടോയിൽ നിന്ന് ഒഴിവാക്കുന്ന ഫീച്ചർ ആപ്പിളിന്റെ പുതിയ ഫോട്ടോ ആപ്പിൽ ഉണ്ടാവുക. ഓട്ടോമാറ്റിക്കായി ആവശ്യമില്ലാത്ത വസ്തുക്കളെ ഫോട്ടോകളിൽ നിന്നും ഒഴിവാക്കുന്നതിനൊപ്പം സാംസങ്ങിൽ കാണുന്നത് പോലെ ഒരു സർക്കിൾ വരച്ചും ആവശ്യമില്ലാത്ത വസ്തുക്കളെ ഒഴിവാക്കാൻ സാധിക്കും.