മത്സ്യ തൊഴിലാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷിറിയ പുലിമുട്ട് നിർമ്മാണം വൈകുന്നതും മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം പൂർണ്ണതോതിൽ സജ്ജമാകാത്തതും എകെഎം അഷ്റഫ് എംഎൽഎ നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു.
കുമ്പള, മംഗൽപാടി പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഏറെ കാലത്തെ ആവശ്യപ്രകാരം റീബിൾഡ് കേരള ഇനിഷ്യേറ്റീവ്ൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ ഷിറിയ റിവർ ട്രെയിനിംഗ് പ്രവൃത്തി അഥവാ പുലിമുട്ട് നിർമ്മാണം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച പ്രവൃർത്തിയാണ് . എന്നാൽ സി ആർ സെഡ് അനുമതി ലഭിക്കാത്തതിനാൽ പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടർ നിലവിൽ റദ്ധ് ചെയ്തിരിക്കുകയാണ്. പുലിമുട്ട് നിർമ്മാണം യാതാർത്ഥ്യമാകുമെന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ ഇത് കാരണം വളരെ നിരാശയിലാണ്. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ മത്സ്യബന്ധന യാനങ്ങൾ സുഗമമായി വരുന്നതിനും പോകുന്നതിനും സാധിക്കുന്ന പദ്ധതി കൂടിയാണിത്. റിവർ ട്രെയിനിംഗ് പ്രവൃത്തി, തീരസംരക്ഷണ പ്രവൃത്തി, ചാനൽ ആഴം കൂട്ടൽ, എന്നിവ പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ സ്ഥിരമായ ചാനൽ ഉണ്ടാവുകയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാവുകയും ചെയ്യും. ആയതിനാൽ സാങ്കേതികത്വം നീക്കി ഈ പദ്ധതി ഉടൻ തുടങ്ങണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
കൂടാതെ കോടികൾ ചിലവഴിച്ച് നിർമ്മിച്ച മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മത്സ്യതൊഴിലാളികൾക്ക് പൂർണതോതിൽ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. വാർഫിന്റെ ഉയരം കൂടുതലായതിനാൽ ചെറുവള്ളങ്ങൾക്ക് മത്സ്യം ഇറക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ചെറുവളളങ്ങൾ അടുപ്പിക്കാൻ പ്രയാസം നേരിടുന്നു. ഇവിടെ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി തുറമുഖത്തിന്റെ ഇരുവശത്തായി 50 മീറ്റർ നീളത്തിലുള്ള ലോ ലെവൽ ജെട്ടി അല്ലെങ്കിൽ ഫ്ലോട്ടിംഗ് ജെട്ടി നിർമ്മിക്കേണ്ടതായിട്ടുണ്ട്. ഹാർബറിന്റെ വടക്ക് ഭാഗത്ത് പാർക്കിങ് ഏരിയ, ഓക്ഷൻ ഹാൾ, റെസ്റ്റ് ഷെഡ്, കിണർ, വാട്ടർ ടാങ്ക് എന്നീ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ബ്രേക്ക് വാട്ടർ, മത്സ്യബന്ധന തുറമുഖത്തിന്റെ ബേസിൻ ഡ്രെഡ്ജിംഗ് എന്നിവയും നടപ്പാക്കേണ്ടതായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹാർബർ എഞ്ചീനിയറിംഗ് വകുപ്പ് വിശദമായ എസ്റ്റിമേറ്റ് DPR സഹിതം ലഭ്യമാക്കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന് ആവശ്യമായ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗിക്കുന്നതിനായി പൂർണ തോതിൽ സജ്ജമാക്കണം.
ഷിറിയ പുലിമുട്ട് നിർമ്മാണത്തിന് സി ആർ സെഡ് അനുമതിക്കായി 2022 വർഷം സർക്കാർ അപേക്ഷ സമർപ്പിച്ചിരുന്നുവെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ മറുപടിയായി പറഞ്ഞു. KC ZMA, മാതൃകാപഠന റിപ്പോർട്ട് കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടപ്പോൾ ഐ ഐ ടി മദ്രാസ്ന്റെ സഹായത്തോടെ റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തു. എന്നാൽ ദേശീയ ഹരിത ട്രൈബൂണൽ ഉത്തരവ് പ്രകാരം തീരപ്രദേശത്തെ ഇത്തരം നിർമ്മാണങ്ങൾക്ക് കോംപ്രഹെൻസീവ് ഷോർലൈൻ മാനേജ്മെന്റ് പ്ലാൻ കൂടി തയ്യാറാക്കണമെന്ന് നിർദ്ധേശിച്ചിട്ടുണ്ട്. ഇത് പ്രകാരം സി എസ് എം പി തയ്യാറാക്കാൻ എൻ സി സി ആർ നെ ജലവിഭവ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെ സി ആർ സെഡ് അനുമതി ലഭിക്കുന്ന മുറയ്ക്ക് പുലിമുട്ട് നിർമ്മാണം തുടങ്ങാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
മുഞ്ചശ്വരം തുറമുഖത്ത് ആവശ്യമായ അടിസ്ഥാന ഭൗതിക സൗകര്യം ഏർപ്പെടുത്തുന്നതിന് നബാർഡിന്റെ ആർ ഐ ഡി എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 6.10 കോടിയുടെ പദ്ധതി നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.