വമ്പൻ ട്വിസ്റ്റ്, കോഴിക്കോട്ട് കാറിൽ നിന്ന് 25 ലക്ഷം കവര്‍ന്ന കേസിൽ വഴിത്തിരിവ്, പൊളിഞ്ഞടുങ്ങിയത് വൻ നാടകം

0
255

കൊയിലാണ്ടി: കോഴിക്കോട് കാട്ടില്‍ പീടികയില്‍ മുഖത്ത് മുളകുപൊടി വിതറി കാറില്‍ ബന്ദിയാക്കി പണം തട്ടിയെന്ന പരാതിയില്‍ പ്രതി പരാതിക്കാരന്‍ തന്നെയെന്ന് പോലീസ്. പരാതിക്കാരനായ സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ആസൂത്രിത തട്ടിപ്പാണിതെന്നാണ് പോലീസ് നല്‍കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൈലിന്റെ കൂട്ടാളി താഹയില്‍ നിന്നും 37 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുഹൈലിന്റെ മൊഴികളിലെ പൊരുത്തക്കേടാണ് കേസില്‍ വഴിത്തിരിവായത്.

75 ലക്ഷം രൂപ നഷ്ടമായി എന്ന് എ.ടി.എം. കമ്പനി സ്ഥിരീകരിച്ചതോടെ പോലീസ് വിശദമായി അന്വേഷണം നടത്തുകയും സുഹൈലും താഹയും മറ്റൊരാളും ചേര്‍ന്ന് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതേതുടര്‍ന്ന് സുഹൈലിന്റെ അറസ്റ്റ് കൊയിലാണ്ടി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറില്‍ മുളക് പൊടി വിതറാനും കൈ കെട്ടാനും സഹായിച്ച ഒരാളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാക്കി തുകയ്ക്കുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

എ.ടി.എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 72.40 ലക്ഷം രൂപ അജ്ഞാതരായ രണ്ടുപേര്‍ തന്നെ ബന്ദിയാക്കിയശേഷം കൈക്കലാക്കിയെന്നാണ് തിക്കോടി ആവിക്കല്‍ റോഡ് സുഹാന മന്‍സില്‍ സുഹൈല്‍ (25) കൊയിലാണ്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ആദ്യം 25 ലക്ഷമെന്നാണ് പറഞ്ഞിരുന്നത്. കേസന്വേഷണത്തിനായി റൂറല്‍ എസ്.പി. പി. നിധിന്‍ രാജിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്വാഡ് രൂപവത്കരിച്ചു. ശനിയാഴ്ച രാത്രിതന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സുഹൈലിനെ മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.

സംഭവത്തെക്കുറിച്ച് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: പരാതിക്കാരനായ സുഹൈല്‍ ഇന്ത്യ വണ്‍ എ.ടി.എമ്മില്‍ പണംനിറയ്ക്കുന്ന ഏജന്‍സിയിലെ ജീവനക്കാരനാണ്. പയ്യോളി സ്വദേശി മുഹമ്മദാണ് ഇന്ത്യ വണ്‍ എ.ടി.എമ്മില്‍ പണംനിറയ്ക്കുന്നത് കരാറെടുത്തത്. എ.ടി.എമ്മില്‍ നിറയ്ക്കുന്നതിനായി ബാങ്കില്‍നിന്ന് പിന്‍വലിച്ച പണവുമായി കെ.എല്‍.56 ഡബ്‌ള്യു 3723 നമ്പര്‍ കാര്‍ ഓടിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടിയില്‍നിന്ന് അരിക്കുളം കുരുടിമുക്ക് ഭാഗത്തേക്ക് പോകുകയായിരുന്നു.

ഉച്ചയ്ക്ക് 12 മണിക്ക് കാര്‍ അരിക്കുളം പഞ്ചായത്ത് ഓഫീസ് കഴിഞ്ഞുള്ള കയറ്റം കയറുന്നതിനിടയില്‍ പര്‍ദധരിച്ച് നടന്നുവരുകയായിരുന്ന രണ്ടുപേരില്‍ ഒരാള്‍ കാറിന്റെ ബോണറ്റിലേക്കു വീണു. സുഹൈല്‍ കാര്‍ നിര്‍ത്തിയപ്പോള്‍ പര്‍ദധരിച്ച മറ്റേയാള്‍ കാറിന്റെ അല്പം ഉയര്‍ത്തിയ ചില്ലിനുള്ളിലൂടെ അകത്തേക്ക് കൈയിട്ട് പരാതിക്കാരന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു. ഇതിനിടയില്‍ മറ്റേയാള്‍ കാറിന്റെ പുറകില്‍ക്കയറി പരാതിക്കാരനെ കാറിന്റെ പിന്‍സീറ്റിലേക്ക് വലിച്ചിട്ടശേഷം കാലും കൈയും കെട്ടിയിട്ട് ശരീരമാസകലം മുളകുപൊടിവിതറി. തുടര്‍ന്ന് ബോധരഹിതനാക്കി കാര്‍ അവര്‍ ഓടിച്ചുപോകുകയായിരുന്നു. ഇതിനിടെ കാറിന്റെ മുന്‍സീറ്റില്‍ ബാഗില്‍വെച്ചിരുന്ന തുക കവര്‍ച്ചചെയ്തശേഷം സുഹൈലിനെ കാട്ടിലപ്പീടികയില്‍ ഉപേക്ഷിച്ചുവെന്നാണ് കേസ്.

കാട്ടിലപ്പീടിക മുജാഹിദ് പള്ളിക്കു സമീപം ശനിയാഴ്ച വൈകുന്നേരം 3.30-ഓടെയാണ് സുഹൈലിനെ കാറില്‍ കണ്ടത്. ഇയാളുടെ ശരീരത്തിലും കാറിനുള്ളിലും മുളകുപൊടി വിതറിയനിലയിലായിരുന്നു. കൈയും കാലും കയറുകൊണ്ട് ബന്ധിച്ചിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കെട്ടഴിച്ചശേഷമാണ് പുറത്തേക്കെത്തിച്ചത്. സാധാരണ എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍പോകുമ്പോള്‍ തന്നോടൊപ്പം മറ്റൊരാള്‍കൂടി ഉണ്ടാകുമായിരുന്നെന്നും ശനിയാഴ്ച അദ്ദേഹം അവധിയായതിനാല്‍ ഒറ്റയ്ക്കാണ് പോയതെന്നുമാണ് സുഹൈല്‍ പോലീസിനോട് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here