ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് താരം മുഷീർ ഖാന് അപകടം. ഇറാനി കപ്പ് ടൂർണമെന്റിനായി കാൺപൂരിൽ നിന്ന് ലഖ്നൗവിലേക്ക് സഞ്ചരിക്കവെയാണ് മുഷീറിന് അപകടമുണ്ടായത്. താരത്തിന്റെ പിതാവും കൂടെയുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം സർഫ്രാസ് ഖാന്റെ ഇളയ സഹോദരൻ കൂടിയാണ് മുഷീർ. കഴുത്തിന് പരിക്കേറ്റെന്നും മൂന്ന് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവരുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപകടത്തെ തുടർന്ന് ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ഇറാനി കപ്പ് മുഷീറിന് നഷ്ടമാകും. രഞ്ജി ട്രോഫിയിലെയും ഏതാനും മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്നാണ് സൂചന. അജിൻക്യ രഹാനെ നയിക്കുന്ന മുംബൈ ടീമിന്റെ ഭാഗമായിരുന്നു മുഷീർ. ദുലീപ് ട്രോഫിയിൽ ഇന്ത്യ ബിയ്ക്ക് വേണ്ടി ഒരു സെഞ്ച്വറി മുഷീർ നേടിയിരുന്നു.
കഴിഞ്ഞ അണ്ടർ 19 ലോകകപ്പോടെയാണ് മുഷീർ ഖാൻ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. ഏഴ് മത്സരങ്ങളിൽ നിന്നായി 360 റൺസ് നേടിയ താരം ടൂർണമെന്റിലെ ഉയർന്ന റൺവേട്ടക്കാരിൽ രണ്ടാമതായിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 397 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഉദയ് സഹാരൺ ആയിരുന്നു ടൂർണമെന്റിലെ ടോപ് സ്കോറർ. ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ ഓസ്ട്രേലിയൻ യുവനിരയോട് പരാജയപ്പെട്ടു.