പി ടി ഉഷ ഒരു സഹായവും ചെയ്തിട്ടില്ല! ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റിനെതിരെ വിനേഷ് ഫോഗട്ട്

0
100

ദില്ലി: പാരീസ് ഒളിംപിക്‌സിന് ശേഷം അടുത്തിടെ വിനേഷ് ഫോഗട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടാണത്. കഴിഞ്ഞ ദിവസം വിനേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബജ്‌രംഗ് പൂനിയക്കൊപ്പാണ് വിനേഷ് കോണ്‍ഗ്രസ് അംഗത്തമെടുത്തത്. പാരീസ് ഒളിംപിക്‌സില്‍ വനിതകളുടെ ഫ്രീസ്‌റ്റൈല്‍ 50 കിലോ വിഭാഗത്തില്‍ മത്സരിച്ച താരം അയോഗ്യയാക്കപ്പെട്ടിരുന്നു. 100 ഗ്രാം അമിത ഭാരത്തിന്റെ പേരില്‍ ഫൈനലില്‍ നിന്ന് അയോഗ്യയാക്കുകയായിരുന്നു വിനേഷിന്. തുടര്‍ന്ന് സ്വര്‍ണമെഡല്‍ നേടാനുള്ള അവസരം വിനേഷിന് നഷ്ടമായി.

ഇപ്പോള്‍ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷക്കെതിരെ തിരിഞ്ഞിരിക്കുകയാണ് വിനേഷ്. ഉഷ ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് വിനേഷ് പറയുന്നത്. ”ഒളിംപിക്‌സ് അയോഗ്യതയ്ക്ക് ശേഷം പിടി ഉഷ ഒരു സഹായവും ചെയ്തിട്ടില്ല. ആശുപത്രിയില്‍ വന്ന് ഒരു ഫോട്ടോ എടുക്കുക മാത്രമാണ് അവര്‍ ചെയ്തത്. എല്ലായിടത്തും രാഷ്ട്രീയമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.” വിനേഷ് പറഞ്ഞു. പാരീസ് ഒളിംപിക്‌സിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ വിനേഷിന് വലിയ സ്വീകരണം ലഭിച്ചിരുന്നു.

ഇതിനിടെ വിനേഷ് ഹരിയാന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നു. ഹരിയാന തെരഞ്ഞടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. ബജരംഗ് പുനിയയും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമെടുത്ത ചിത്രം കോണ്‍ഗ്രസാണ് പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം രാഹുല്‍ വിനേഷിന് മുന്‍പില്‍ വച്ചതായാണ് വിവരം. പുറത്തിറങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിനേഷിന്റെ പേരുമുണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്.

രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന ആഗ്രഹം അടുപ്പമുള്ളവരോടെ വിനേഷ് പങ്കു വച്ചതായാണ് വിവരം. കര്‍ഷക പ്രതിഷേധത്തില്‍ കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ട് പങ്കെടുത്തതും ചര്‍ച്ചയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here