ഗംഗാവലി പുഴയിൽ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; കണ്ടെത്തിയത് ലോറിയിലെ കൂളിംഗ് ഫാന്‍, ചുറ്റുമുള്ള വളയവും ലഭിച്ചു

0
18

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഗംഗാവലി പുഴയിൽ നിന്ന് കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി. ലോറിയുടെ എഞ്ചിന്റെ റേഡിയേറ്റർ തണുപ്പിക്കുന്ന ചെറിയ കൂളിംഗ് ഫാനാണ് കണ്ടെത്തിയത്. അതിന് ചുറ്റമുള്ള വളയവും കിട്ടി. സൈന്യം മാർക്ക് ചെയ്ത സ്ഥലത്ത് ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവർ നടത്തിയ പരിശോധനയിലാണ് ഫാൻ കണ്ടെത്തിയത്. എന്നാല്‍ ഇത് അർജുന്റെ ലോറിയുടേത് ആണോ എന്ന് ഉറപ്പിക്കാൻ ഇപ്പോൾ കഴിയില്ല. അതേസമയം, ലോറിയുടെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും അര്‍ജുന്‍റെ വാഹനത്തിന്‍റേതാല്ലെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.

നാവികസേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയന്‍റിലാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്. കൂളിംഗ് ഫാന്‍ കണ്ടെത്തിയതിന്റെ അടുത്ത് തന്നെയാണ് ലോറിയുടെ ജാക്കി കിട്ടിയത്. പുഴക്കടിയിൽ സ്കൂട്ടറും തടിക്കഷണങ്ങളും കണ്ടെത്തിയെന്ന് ഈശ്വർ മൽപെ പറഞ്ഞു. വീണ്ടും ഡ്രഡ്ജിങ് കമ്പനിയുടെ ഡൈവർ പുഴയിലേക്ക് ഇറങ്ങി പരിശോധന തുടരുകയാണ്. റേഡിയേറ്റർ കൂളിംഗ് ഫാൻ കിട്ടിയ സ്ഥലത്താണ് ഡൈവർ ഇറങ്ങിയത്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ ഈശ്വർ മൽപെ കണ്ടെത്തിയ രണ്ട് തടിക്കഷണങ്ങൾ പുറത്തെടുത്തു. അർജുൻ്റെ ലോറിയിൽ ഉണ്ടായിരുന്ന അക്വേഷ മരക്കഷണങ്ങളാണിത്.

ലോഹമുണ്ടെന്ന് ശക്തമായ സിഗ്നലുകൾ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മൺതിട്ടയ്ക്കും നടുവിലുള്ള സിപി4 എന്ന പോയന്‍റിൽ തന്നെ തെരച്ചിൽ കേന്ദ്രീകരിക്കണമെന്ന് അർജുന്‍റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വർ മാൽപെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലിൽപ്പെട്ട ടാങ്കർ ലോറിയുടെ ക്യാബിനും മുൻവശത്തെ ടയറുമാണ് കിട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here