‘മാഫിയയോടൊപ്പം വേദി പങ്കിടില്ല’: സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയി മുൻ എംപി; അയോധ്യ ബിജെപിയിൽ വിള്ളൽ?

0
154

അയോധ്യ: ഉത്തർപ്രദേശിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ അംഗത്വ ഡ്രൈവ് ആരംഭിക്കുന്നതിനായി നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് ഫൈസാബാദ് മുൻ എംപി ലല്ലു സിംഗ് ഇറങ്ങിപ്പോയി. ഒരു പാർട്ടി പ്രവർത്തകനെ പരാമർശിച്ച് ‘മാഫിയ’യുമായി താൻ വേദി പങ്കിടില്ലെന്ന് അവകാശപ്പെട്ടാണ് അദ്ദേഹം ഇറങ്ങിപ്പോയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ അവധേഷ് പ്രസാദിനോട് ഫൈസാബാദിൽ നിന്ന് ലല്ലു പരാജയപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരുന്നതിൻ്റെ തലേദിവസമായിരുന്നു പത്രസമ്മേളനം നടന്നത്. മിൽകിപൂർ നിയമസഭാ സീറ്റിലെ പ്രചാരണത്തിനായിരുന്നു യോഗിയുടെ സന്ദർശനം. പ്രചാരണത്തിൻ്റെ ഭാഗമായി ചില മന്ത്രിമാരോട് സ്ഥലത്ത് കാംപ് ചെയ്യാൻ യോഗി നിർദേശിച്ചിട്ടുണ്ട്.

‘മാഫിയ’ എന്ന് ലല്ലു സിങ് വിശേഷിപ്പിച്ച പാർട്ടി പ്രവർത്തകൻ ശിവേന്ദ്ര സിങ് ലല്ലുവിനെതിരെ ആഞ്ഞടിച്ചിരുന്നു. മണ്ഡലത്തിലെ തോൽവിക്ക് കാരണം ഭരണഘടന തിരുത്തുമെന്ന ലല്ലു സിങ്ങിൻ്റെ പരാമർശമാണെന്നായിരുന്നു ശിവേന്ദ്രസിങ് പറഞ്ഞത്. ക്രിമിനൽ പശ്ചാത്തലമുള്ളവരുമായി ലല്ലുവിന് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

‘ഞാൻ സമയത്തിന് മുമ്പേ പത്രസമ്മേളനത്തിൽ എത്തി, മാധ്യമപ്രവർത്തകർക്കൊപ്പം ഇരിക്കുകയായിരുന്നു. തുടർന്ന് ചില പാർട്ടി നേതാക്കൾ വേദിയിലേക്കെത്തി. ചില തെറ്റായ ആളുകൾ അവിടെ ഇരിക്കുന്നത് ഞാൻ കണ്ടു. ക്രിമിനൽ പശ്ചാത്തലമുള്ള അത്തരം ആളുകളുടെ കൂടെ ഇരിക്കുന്നത് അനുയോജ്യമല്ലെന്ന് കരുതിയതിനാൽ ഞാൻ നിശബ്ദമായി പോകാൻ തീരുമാനിച്ചു.’ ലല്ലു ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

‘അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിൽ വർഷങ്ങളായി പാർട്ടിയുടെ ആശയങ്ങൾക്കായി ഞാൻ പ്രവർത്തിക്കുന്നു. പാർട്ടി ജില്ലാ ഘടകം ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം, അല്ലെങ്കിൽ പാർട്ടി അതിൻ്റെ വില നൽകേണ്ടിവരും. പാർട്ടിക്ക് അച്ചടക്കവും മര്യാദയും അനിവാര്യമാണെ’ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ അംഗമെന്ന നിലയിൽ ബിജെപിയുമായി ദീർഘകാലമായി എനിക്ക് ബന്ധമുണ്ട്. അന്ന് ഞാൻ വേദിയിൽ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പുകളിൽ ഞാൻ അദ്ദേഹവുമായി വളരെക്കാലമായി പ്രവർത്തിച്ചിട്ടുണ്ട്. അന്ന് അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ലായിരുന്നു. അദ്ദേഹത്തിൻ്റെ പ്രസ്താവന പ്രായത്തിൻ്റേതാണെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിൻ്റെ ഭരണഘടനാ പരാമർശമാണ് പാർട്ടി പരാജയപ്പെടാൻ കാരണം. ഒരാളെ മാഫിയ എന്ന് വിളിക്കുന്നതിൻ്റെ മാനദണ്ഡം അദ്ദേഹം ആദ്യം വ്യക്തമാക്കണം’- ബ്ലോക്ക് പ്രമുഖ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കൂടിയായ ശിവേന്ദ്ര സിങ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here