ബംഗളൂരു: മുസ്ളീം വിഭാഗത്തിൽപെട്ടവർ കൂടുതലായി താമസിക്കുന്ന നഗരഭാഗത്തെ പാകിസ്ഥാൻ എന്നുവിളിച്ച് ഹൈക്കോടതി ജഡ്‌ജി. സംഭവം വിവാദമായതോടെ നേരിട്ട് ഇടപെട്ട് സുപ്രീംകോടതി. കേസ് വാദത്തിനിടെ ബംഗളൂരു നഗരത്തിലെ ഒരുഭാഗത്തെ ജനങ്ങളുടെ സ്വഭാവം വിവരിക്കവെയാണ് കർണാടക ഹൈക്കോടതി ജഡ്‌ജിയായ വേദവ്യാസാചാര്യ ശ്രീശാനന്ദ ഇത്തരത്തിൽ പറഞ്ഞത്. വാദത്തിന്റെ സൂം മീറ്റിംഗ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വലിയ വിമർശനം തന്നെയുണ്ടായി. ഇതോടെയാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് സ്വമേധയാ ഇടപെട്ട് കർണാടക ഹൈക്കോടതി രജിസ്‌ട്രാർ ജനറലിനോട് റിപ്പോർട്ട് തേടിയത്.
ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ജസ്‌റ്റിസുമാർ നടത്തുന്ന വിവാദ പരാമർശങ്ങൾ തടയാൻ മാർഗരേഖ പുറത്തിറക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ബംഗളൂരു നഗരത്തിലെ ട്രാഫിക് പ്രശ്‌നങ്ങളെക്കുറിച്ച് കേസിൽ മൈസൂർ റോഡ് ഫ്ളൈയോവറിന് സമീപമുള്ള തിരക്കിനെക്കുറിച്ചാണ് ജഡ്‌ജി വിവാദ പരാമർശങ്ങൾ നടത്തിയത്. ‘മൈസൂർ റോഡ് ഫ്ളൈഓവറിലേക്ക് പോകൂ, ഓരോ ഓട്ടോറിക്ഷയിലും 10 പേരുണ്ട്. ഗോരി പാല്യയിൽ നിന്നും മാർക്കറ്റിലേക്കുള്ള മൈസൂർ ഫ്ളൈഓവർ ഇന്ത്യയിലല്ല പാകിസ്ഥാനിലായതിനാൽ ഇത് സാദ്ധ്യമാണ്. എത്ര കർക്കശക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ അവിടെ നിയമിച്ചാലും അയാളെ അവർ തല്ലും.ഇതാണ് യാഥാർത്ഥ്യം.’ ജഡ്‌ജി വീഡിയോയിൽ പറയുന്നു.
രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കർണാടക ഹൈക്കോടതി രജിസ്‌ട്രാർ ജനറലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഇനി 26ന് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.