മംഗളൂരുവിൽ പള്ളിക്കു നേരെ കല്ലേറ്; ആറ് വി.എച്ച്.പി പ്രവർത്തകർ അറസ്റ്റിൽ

0
275

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത് കാട്ടിപ്പള്ളയിൽ കൃഷ്ണപുര മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള മസ്ജിദുൽ ഹുദ ജുമുഅത്ത് പള്ളിക്കു നേരെ ഞായറാഴ്ച രാത്രി പത്തരയോടെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ആറ് വി.എച്ച്.പി പ്രവർത്തകർ അറസ്റ്റിൽ.

മാസ്ക് ധരിച്ച് മോട്ടോർ സൈക്കിളുകളിലും കാറിലുമായി എത്തിയ സംഘം കല്ലെറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു. മസ്ജിദിന്റെ ജനൽ ചില്ലുകൾ തകർന്നു. വി.എച്ച്.പി പ്രവർത്തകരായ സൂറത്ത്കൽ കനകട് ല ആശ്രയ കോളനിയിലെ ദുർഗനിലയത്തിൽ രവിരാജ് ആർ. ഷെട്ടിയുടെ മകൻ ഭരത് ഷെട്ടി (26), ആശ്രയ കോളനിയിൽ ശിവാനന്ദ് ചലവഡിയുടെ മകൻ ചെന്നപ്പ ശിവാനന്ദ് ചലവഡി എന്ന മുത്തു (19), സൂറത്ത്കൽ ചെലാറു കണ്ടിഗെപടിയിലെ യോഗേഷിന്റെ മകൻ നിഥിൻ ഹഡപ് (22), സൂറത്ത്കൽ മുഞ്ചുരു കൊഡിപാഡിയിലെ സതീഷിന്റെ മകൻ സുജിത് ഷെട്ടി (23), മംഗളൂരു ഹൊസബെട്ടു ഈശ്വർ നഗറിലെ ഹനുമന്തയുടെ മകൻ അനപ്പ എന്ന മനു (24), കാട്ടിപ്പള്ളയിലെ ജയ് ഷെട്ടിയുടെ മകൻ പ്രീതം ഷെട്ടി (34) എന്നിവരെ സൂറത്ത്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഭരത് ഷെട്ടി 12 കേസുകളിലും, ചെന്നപ്പ അഞ്ചു കേസുകളിലും നേരത്തേ പ്രതികളാണ്. മറ്റു നാല് പ്രതികൾക്കെതിരെ രണ്ടു വീതം കേസുകളുണ്ട്. അക്രമികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറും രണ്ട് ബൈക്കുകളും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

സി.സി.ടി.വി ദൃശ്യങ്ങളും ദൃക്സാക്ഷികൾ നൽകിയ വിവരങ്ങളും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാളിന്റെ മേൽനോട്ടത്തിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർമാരായ സിദ്ധാർഥ് ഗോയൽ, ദിനേശ് കുമാർ, അസി. കമീഷണർ കെ. ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here