ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ; ഡ്രെഡ്ജർ ​ഗം​ഗാവലിയിൽ എത്തിച്ചു, കാലാവസ്ഥ അനുകൂലം

0
69

ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് ഗോവയിൽനിന്നുള്ള ഡ്രഡ്ജർ ​ഗം​ഗാവലി പുഴയിലെത്തി. വ്യാഴാഴ്ച വൈകീട്ട് 4.45-ഓടെയാണ് ഡ്രഡ്ജർ എത്തിച്ചത്.

ഗംഗാവലിപുഴയിലെ അടിയൊഴുക്ക് മൂന്നു നോട്‌സിൽ താഴെ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

ഡ്രഡ്ജർ ഷിരൂരിലേക്ക് എത്തിക്കുന്നതിനുള്ള ആദ്യകടമ്പയാണ് ഇപ്പോൾ കടന്നിരിക്കുന്നത്. തീരദേശപാതയുടെ ഭാഗമായുള്ള ഒന്നാംപാലം ഡ്രഡ്ജർ ഇപ്പോൾ കടന്നിട്ടുണ്ട്. ഇനി കൊങ്കൺ റെയിൽവേയുടെ ഭാഗമായുള്ള തീവണ്ടിപാലംകൂടെയാണ് കടക്കാനുള്ളത്. വ്യാഴാഴ്ച രാത്രിയോടെ ഡ്രഡ്ജർ അപകടസ്ഥലത്ത് എത്തിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.

മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കഴിഞ്ഞമാസം അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡ്രഡ്ജർ എത്തിക്കുമെന്നും ചെലവ് പൂർണമായി സർക്കാർ വഹിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.

96 ലക്ഷം രൂപയാണ് ഡ്രഡ്ജർ എത്തിക്കാൻ ചെലവ് പ്രതീക്ഷിച്ചിരുന്നത്. പുഴയിൽ ഇത് പ്രവർത്തിപ്പിക്കാനുള്ള ചെലവ് വേറെ വേണ്ടിവരും. ​ഗം​ഗാവലി പുഴയുടെ അടിത്തട്ടിൽ അർജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന മേഖലയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്യുകയാണ് ലക്ഷ്യം. നാല് മീറ്റർ വരെ ആഴത്തിൽ തിരച്ചിൽനടത്താൻ ഡ്രഡ്ജറിന് സാധിക്കും.

അർജുന് വേണ്ടിയുള്ള തിരച്ചിൽ പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് ഓഗസ്റ്റ് 16-നാണ് നിർത്തിവെച്ചത്. പുഴയുടെ അടിത്തട്ടിലെ മണ്ണും കല്ലും നീക്കിയാൽ മാത്രമേ തിരച്ചിൽ സാധ്യമാകൂവെന്ന് നാവികസേന അറിയിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here