മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പി.വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്ന് അദ്ദേഗം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യന്‍ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. പാര്‍ട്ടിയില്‍ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തുന്നു.
അഞ്ച് മിനിട്ട് നേരമേ മുഖ്യമന്ത്രിയുമായി സംസാരിച്ചുള്ളൂ. ഉള്ള് തുറന്ന് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എന്നാല്‍, നിസഹായാവസ്ഥയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. പി ശശി കാട്ടുക്കള്ളനാണ്. കാട്ടു കള്ളനെ താഴെ ഇറക്കണമെന്ന് ഞാന്‍ നിശ്ചയിച്ചു. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. എന്നാല്‍, ആ സൂര്യന്‍ കെട്ടുപോയി. തെളിവ് നല്‍കിയിട്ടും വിജിലന്‍സ് അന്വേഷണത്തിന് 6 മാസം സമയം നല്‍കി. സ്‌പോട്ടില്‍ സസ്‌പെന്‍ഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാര്‍. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തിലുടെ ആറുമാസം കൂടി സമയം നല്‍കുകയാണ് ചെയ്തതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രതികരണ രീതിയെ തന്നെ പരിഹസിച്ച് കൊണ്ടായിരുന്നു എന്നും അന്‍വര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റായിപ്പോയി. തന്നെ കള്ളകടത്തകാരുടെ ആളായിട്ടാണ് മുഖ്യമന്ത്രി ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. മുഖ്യമന്ത്രിയെ പാര്‍ട്ടിയും തിരുത്തിയില്ലെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.
അതേസമയം തന്റെ പരാതിയില്‍ കേസന്വേഷണം തൃപ്തികരമല്ലെന്നും പി.വി അന്‍വര്‍ തുറന്നടിച്ചു. ആരോപണമുന്നയിച്ച തന്നെ കുറ്റവാളിയാക്കാന്‍ ശ്രമിക്കുകയാണ്. തനിക്ക് തന്ന ഉറപ്പുകള്‍ പാര്‍ട്ടി ലംഘിച്ചുവെന്നും തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരേ അന്‍വര്‍ നേരിട്ടുള്ള വിമര്‍ശനം ഉന്നയിച്ചത്.