സിപിഎമ്മില്‍ അഭിപ്രായം പറയുന്നവരെ അടിച്ചൊതുക്കുന്ന സംസ്‌കാരമാണ് നിലനില്‍ക്കുന്നതെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കു പോലും മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ സാഹചര്യമില്ലെന്നും തുറന്നടിച്ച് പിവി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടി നേതാക്കള്‍ക്കു പോലും മുഖ്യമന്ത്രി അപ്രാപ്യനാണെന്നും നൊട്ടോറിയസ് ക്രിമിനല്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെയും വാറോല സംഘത്തിന്റെയും കാട്ടുകള്ളന്‍ പി ശശിയുടെയും സ്വാധീന വലയത്തിലാണ് മുഖ്യമന്ത്രിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സാധാരണക്കാര്‍ക്കു വേണ്ടി നിലനില്‍ക്കുന്നതായിരുന്നു എന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്‌കാരമെന്നും എന്നാല്‍ ഇന്നത്തെ സിപിഎം അതില്‍ നിന്നു വ്യതിചലിക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു. ”പാര്‍ട്ടിയില്‍ ചിലര്‍ക്കു മാത്രം സ്വാധീനവും വളര്‍ച്ചയുമാണുള്ളത്. ഒരു റിയാസിനു വേണ്ടി മാത്രമാണോ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കേണ്ടത്, ഒരു റിയാസിന്റെ മാത്രം പാര്‍ട്ടിയാണോ ഇത്. അങ്ങനെയെങ്കില്‍ ലക്ഷക്കണക്കിന് വരുന്ന സഖാക്കളുടെ സ്ഥാനമെന്താണ്”- അന്‍വര്‍ ആരാഞ്ഞു.
പാര്‍ട്ടിയില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ തുറന്നു പറയാന്‍ ആരംഭിച്ചാല്‍ സഖാക്കള്‍ കയറി ഏകെജി സെന്റര്‍ തകര്‍ക്കുന്ന അവസ്ഥയുണ്ടാകുമെന്നും അതിന് താന്‍ ഇപ്പോള്‍ മുതിരുന്നില്ലെന്നും എന്നാല്‍ തനിക്കു നേരേ വാളോങ്ങിയാല്‍ അതിനും തയാറാകുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി. ”പാര്‍ട്ടിയില്‍ ഇപ്പോള്‍ എന്തൊക്കെയാണ് നടക്കുന്നത്. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ തുറന്നുപറയാന്‍ തുടങ്ങിയാല്‍ സഖാക്കള്‍ കയറി എകെജി സെന്റര്‍ പൊളിക്കും. അതിന് ഞാന്‍ മുതിരുന്നില്ല. എന്നാല്‍ എന്റെ നെഞ്ചത്തേക്കു കയറാന്‍ വന്നാല്‍ അതിനും മടിയില്ല” – അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
പി ശശിയും എഡിജിപി അജിത്കുമാറും നേതൃത്വം നല്‍കുന്ന വാറോല സംഘത്തെ നിലയ്ക്കുനിര്‍ത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ഇനിയും വൈകിയാല്‍ കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പേര് പിണറായി വിജയന് സ്വന്തമാകുമെന്നും അത്രമേല്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ജനങ്ങളില്‍ നിന്ന് അകന്നുകഴിഞ്ഞുവെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണെന്ന് ആരോപിച്ച അന്‍വര്‍ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നും പോലീസില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ കഴിവില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാ്വന്‍ പിണറയായിക്ക് യോഗ്യതയില്ലെന്നും വകുപ്പ് ഒഴിയുന്നതാണ് അദ്ദേഹത്തിന് അഭികാമ്യമെന്നും അന്‍വര്‍ പറഞ്ഞു.
പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നല്‍കിയ താക്കീത് ലംഘിച്ചാണ് ഇന്ന് അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതോടെ ഈ വിഷയത്തില്‍ ഒട്ടുംതന്നെ പിന്നോട്ടില്ലെന്നു വ്യക്തമാക്കുകയാണ് അന്‍വര്‍. പാര്‍ട്ടിയുടെ അഭ്യര്‍ഥന മാനിച്ച് താന്‍ പരസ്യപ്രസ്താവന നിര്‍ത്തിയതാണെന്നും എന്നാല്‍ അന്വേഷണം അട്ടിമറിക്കാനും തന്നെ പ്രതിയാക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് താന്‍ വീണ്ടും വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നും അറസ്റ്റിലാകും മുമ്പ് പൊതുസമൂഹത്തിനു മുന്നില്‍ തന്റെ ഉദ്ദേശശുദ്ധിയും നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും അത് തിരുത്തുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ തെറ്റ് തിരുത്താന്‍ പാര്‍ട്ടി തയാറായില്ലെന്നും അന്‍വര്‍ പറഞ്ഞു. ”മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കുന്ന ആളാണ് ഞാന്‍ എന്ന ധ്വനിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല.പാര്‍ട്ടിയും അതു തിരുത്തിയില്ല. എന്റെ പ്രതീക്ഷ മുഴുവന്‍ പാര്‍ട്ടിയിലായിരുന്നു. എന്നാല്‍ പാര്‍ട്ടി വിശ്വാസം കാത്തില്ല. നൊട്ടോറിയസ് ക്രിമിനലായ എഡിജിപി എം ആര്‍ അജിത്കുമാര്‍ പറയുന്നപോലെയാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത്,” അന്‍വര്‍ പറഞ്ഞു.
പാര്‍ട്ടി നേതാക്കന്മാര്‍ക്കു പോലും ഒരു ജനകീയ പ്രശ്‌നവുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനിലേക്കു പോകാനാകാത്ത സ്ഥിതിയണ് ഇപ്പോള്‍ കേരളത്തിലെന്നും അതിനു കാരണം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണെന്നും അന്‍വര്‍ ആരോപിച്ചു. ”പാര്‍ട്ടിക്കാരനാണെന്നു പറഞ്ഞു പോലീസ് സ്‌റ്റേഷനില്‍ ചെന്നാല്‍ രണ്ടടി കൂടുതല്‍ കിട്ടുന്ന സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍. ഇതിനു കാരണം പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ചൊന്നും അറിയില്ല. അജിത്കുമാര്‍ എഴുതികൊടുക്കുന്നത് പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇനി ഹൈക്കോടതിയിലാണ് എന്റെ പ്രതീക്ഷ. ഉടന്‍ കോടതിയെ സമീപിക്കും”- അന്‍വര്‍ പറഞ്ഞു.