ഗംഗാവാലി പുഴയിൽ അർജുന്റെ ട്രക്കിന്റെ ഭാഗം കണ്ടെത്തി; ദൃശ്യങ്ങൾ പുറത്തുവിട്ട് ഈശ്വർ മാൽപെ

0
83

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനും അദ്ദേഹത്തിന്റെ ലോറിക്കും വേണ്ടിയുള്ള തിരച്ചിൽ ​ഗം​ഗാവാലി പുഴയിൽ തുടരുന്നു. പുഴയിൽ മുങ്ങൽ വിദ​​​ഗ്ധൻ ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിൽ അർജുന്റെ ട്രക്കിൻ്റെ ഭാഗം മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. പുഴയുടെ അടിയിൽ നിന്നുള്ള ട്രക്കിന്റെ ദൃശ്യങ്ങൾ ഈശ്വർ മാൽപെ പുറത്തുവിട്ടു. രണ്ട് മണിക്കൂറിനകം ഔദ്യോഗികമായ സ്ഥിരീകരണമുണ്ടാകുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.

ചളിയിൽ പൂണ്ട നിലയിൽ ലോറിയുടെ ക്യാബിൻ ഉണ്ടെന്നാണ് മാൽപെ നൽകുന്ന വിവരം. തലകീഴായി മറിഞ്ഞ് ടയർ മുകളിലേക്ക് ഉയർന്ന് ബാക്കി ഭാഗങ്ങൾ മണ്ണിൽപ്പുതഞ്ഞ നിലയിലാണ് ലോറി. ലോറിയിൽ കെട്ടിയിരുന്ന കയറും കണ്ടെത്തി. കണ്ടെത്തിയ ലോറിയുടെ ഭാ​ഗം കയർ കെട്ടി രണ്ടിടങ്ങളിലായി മാൽപെ അടയാളപ്പെടുത്തിയിട്ടുണ്ട്. ലോറിയുടെ മറ്റു ഭാഗങ്ങൾ തിരയുകയാണ് മാൽപെ.

അതേസമയം, ഇത് അർജുന്റെ ലോറി തന്നെയാണോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. മറ്റൊരു ലോറി കൂടി ഇവിടെനിന്ന് കാണാതായിരുന്നു. എന്നാൽ രാവിലെ ഈ ലോറിയുടെ സമീപത്തുനിന്ന് അർജുൻ ഓടിച്ച വാഹനത്തിലുണ്ടായിരുന്ന തടിയുടെ ഭാഗം മാൽപെ മുങ്ങിയെടുക്കുകയും ഇത് ഉടമയായ മനാഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇത് അർജുന്റെ ലോറിയുടെ ഭാ​ഗം തന്നെയാണെന്ന പ്രതീക്ഷയിലാണ് ഇവർ.

വെള്ളത്തിലുള്ള ലോറിയുടെ ഭാ​ഗം ഉയർത്താൻ ക്രെയിൻ ഉൾപ്പെടെ കൂടുതൽ യന്ത്രസാമഗ്രികൾ എത്തിക്കേണ്ടതുണ്ട്. എന്തൊക്കെ എത്തിക്കണം എന്നത് തീരുമാനിക്കാൻ ജില്ലാ ഭരണകൂടം യോഗം ചേരും. അടുത്ത നടപടികൾ യോ​ഗത്തിൽ തീരുമാനിക്കും. ദൗത്യം തുടങ്ങിയാൽ രണ്ട് മണിക്കൂറിനകം ലോറി പുറത്തെത്തിക്കാനാവും എന്നാണ് പ്രതീക്ഷ. വെളുത്ത നിറമുള്ള ലോറിയിലായിരുന്നു അർജുൻ സഞ്ചരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here