ഛണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധച്ചതിനെ തുടർന്ന് ചാനൽ അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് മുൻ എംഎൽഎ. ബിജെപി നേതാവായ ശശി രഞ്ജൻ പാർമർ ആണ് സീറ്റ് നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് പറയുന്നതിനിടെ കരഞ്ഞത്. ഭിവാനി, തോഷാം മണ്ഡലങ്ങളിൽ തനിക്ക് മത്സരിക്കാൻ അർഹതയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലിസ്റ്റിൽ എന്റെ പേരുണ്ടാകുമെന്നാണ് ഞാൻ കരുതിയിരുന്നത്…എന്ന് പറഞ്ഞ പാർമർ പിന്നാലെ പൊട്ടിക്കരയുകയായിരുന്നു. അഭിമുഖം നടത്തുന്നയാൾ താങ്കളുടെ വില പാർട്ടി മനസ്സിലാക്കുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പാർമർ കരച്ചിൽ തുടരുകയായിരുന്നു.
”സ്ഥാനാർഥിയാവുമെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പ് കൊടുത്തതായിരുന്നു. ഇനി ഞാൻ എന്ത് ചെയ്യും? ഞാൻ നിസ്സഹായനാണ്”-കരച്ചിലിനിടെ പാർമർ പറഞ്ഞു.
Shashi Ranjan Parmar, former BJP candidate from Tosham, broke down in tears after losing his ticket to Shruti Choudhry, Has called a meeting with his supporters on September 6 at Bhiwani. may contest as independent #HaryanaElections2024 #BJP #Tosham #ShashiRanjan #ShrutiChoudhry pic.twitter.com/VgQimmX4Of
— Sushil Manav (@sushilmanav) September 5, 2024
നിങ്ങൾക്ക് വോട്ട് ചെയ്ത ആളുകൾക്ക് വേണ്ടി ശക്തനായിരിക്കണമെന്ന് അഭിമുഖം നടത്തുന്നയാൾ പാർമറോട് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന് നിയന്ത്രണം വീണ്ടെടുക്കാനായില്ല. ”എനിക്ക് എന്താണ് സംഭവിക്കുന്നത്…അവർ എന്നെ എന്തുകൊണ്ടാണ് ഈ രീതിയിൽ പരിഗണിക്കുന്നത്. എന്ത് രീതിയിലുള്ള തീരുമാനങ്ങളാണ് ഇവിടെ ഉണ്ടാവുന്നത്?”-പാർമർ ചോദിച്ചു.
ഒക്ടോബർ അഞ്ചിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 67 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സീറ്റ് നിഷേധിക്കപ്പെട്ടവരുടെ കൂട്ട രാജിയാണ് ഉണ്ടായത്. വൈദ്യുതിമന്ത്രിയും റാനിയ എംഎൽഎയുമായ രഞ്ജിത് ചൗട്ടാല മന്ത്രിസ്ഥാനം രാജിവെച്ചു. വിമതനായി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റതിയ എംഎൽഎ ലക്ഷ്മൺ നാപ എംഎൽഎ സ്ഥാനം രാജിവെച്ച് പാർട്ടിവിട്ടു. മന്ത്രിമാരായ കരൺ ദേവ് കാംബേജ്, ബിഷാംബർ വാൽമീകി, കവിതാ ജെയിൻ, ഷംഷേർ ഖാർകഡ, സുഖ്‌വീന്ദർ ഷിയോറൻ, ഗൗതം സർദാന എന്നിവരും വിമതരായി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.