ഉപ്പളയിൽ രൂക്ഷമായ ഗതാഗത കുരുക്കിനിടയിലും പൊലിസിന്റെ അതിക്രമം; പൊതുപ്രവർത്തകർക്കും രക്ഷയില്ല, യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

0
91

ഉപ്പള: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉപ്പള ടൗണിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് കാരണം ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ ഉപ്പള എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുള്ള പൊലിസ് ഉദ്യോഗസ്ഥർ ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നതായി ആക്ഷേപം.

ദേശീയ പാത നിർമാണം നടക്കുന്നതിനാൽ നഗരത്തിലെ കുരുക്കിൽ പെടാതെ ബസ്റ്റാൻഡ് ക്രോസ് ചെയ്താണ് വാഹനങ്ങൾ ഏറെയും കടന്നു പോകുന്നത്. ഇത്തരത്തിൽ ജനങ്ങൾ വലിയ പ്രയാസം നേരിടുമ്പോൾ നിയമ ലംഘനത്തിൻ്റെ പേരിൽ പൊലിസ് അനാവശ്യമായി വാഹന ഉടമകൾക്ക് വലിയ രീതിയിലുള്ള പിഴ ഈടാക്കുന്നതായും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

വ്യാഴാഴ്ച ഉച്ചയ്ക്ക് ബസ്റ്റാൻഡിന് സമീപം കാർ പാർക്ക് ചെയ്യുന്നതിനിടെ പൊതു പ്രവർത്തകനും മുസ്ലിം ലീഗ് മണ്ഡലം ട്രഷററുമായ സൈഫുള്ള തങ്ങളോട് അപമര്യാദയായി പെറുമാറിയ സംഭവമാണ് ഒടുവിലത്തേത്. കാറിൽ ഇരിക്കുകയായിരുന്ന അദ്ദേഹത്തിനു നേരെ എയിഡ് പോസ്റ്റ് ഡ്യൂട്ടിയിലെ ഒരു പൊലിസുകാരൻ അനാവശ്യമായി തട്ടിക്കയറുകയായിരുന്നു. തൻ്റെ കാലിന് അൽപ്പം ബുദ്ധിമുട്ടുണ്ടെന്നും വാഹനം വരുമ്പോൾ താൻ മാറിക്കൊള്ളാമെന്നും പറഞ്ഞിട്ടും പൊലിസ് ആക്രോശം തുടർന്നു.

ഗതാഗതക്കുരുക്കിൽ വാഹന പരിശോധന നടത്തിയ പൊലിസിനോട് കാര്യങ്ങൾ തിരക്കിയ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനെതിരെ കേസെടുത്ത നടപടി അപലപനീയമാണ്. ഗതാഗത തടസമുണ്ടാക്കിയെന്ന തരത്തിൽ ഇന്നലെ ഉപ്പള ടൗണിൽ മറ്റൊരു പൊതു പ്രവർത്തകനു നേരെയും ആക്രോഷം ചൊരിഞ്ഞ പൊലിസിനെതിരെ നടപടി വേണമെന്നും യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് ബി.എം മുസ്തഫയും, ജന.സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളിയും ആവശ്യപ്പെട്ടു. ജനങ്ങളോടും പൊതു പ്രവർത്തകരോടും നിലവിട്ട് പെരുമാറാനാണ് ഭാവമെങ്കിൽ യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നേതാക്കൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here