മുംബൈ: ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമിയുടെ 34-ാം പിറന്നാളാണിന്ന്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ 24 വിക്കറ്റുമായി ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ ഷമി ലോകകപ്പിനുശേഷം ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായിരുന്നു. പരിശീലനം പുനരാരംഭിച്ച ഷമി വരാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലോ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലോ ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അതിനിടെ ലോകകപ്പ് ടീമിലുണ്ടാവുകയും എന്നാല്‍ ആദ്യ മത്സരങ്ങളില്‍ പതിവായി പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ച് മുഹമ്മദ് ഷമി പ്രതികരിച്ചു.

എന്തുകൊണ്ടാണ് ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടും ടീം കോംബിനേഷന്‍റെ പേരിലോ മറ്റ് കാരണങ്ങളാലോ ഷമിക്ക് ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ കളിക്കാന്‍ അവസരം കിട്ടാത്തതെന്നും ഇതിനെ എങ്ങനെയാണ് നേരിടുന്നതെന്നുമായിരുന്നു അവതാരകയുടെ ചോദ്യം.
2015ലും 2019ലും 2023ലും അത് അങ്ങനെത്തന്നെയായിരുന്നുവെന്നും അതിപ്പോള്‍ തനിക്ക് ശീലമായെന്നുമായിരുന്നു ചിരിച്ചുകൊണ്ടുള്ള ഷമിയുടെ മറുപടി. അവസരം കിട്ടുമ്പോഴൊക്കെ മികച്ച പ്രകടനം നടത്തുക എന്നതാണ് എന്‍റെ ലക്ഷ്യം. അതിന് കഴിയുന്നതിന് ദൈവത്തോട് നന്ദി പറയുന്നു. ഇനിയെങ്കിലും അവരെന്നെ ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കില്ലെന്ന് കരുതാം. അവസരം കിട്ടുമ്പോഴൊക്കെ മികച്ച പ്രകടനം നടത്താൻ കഴിയുന്നതിന് പിന്നില്‍ കഠിനാധ്വാനമാണെന്നും അവസരം കിട്ടുമ്പോള്‍ കഴിവ് തെളിയിച്ചില്ലെങ്കില്‍ എല്ലായ്പ്പോഴും വെള്ളം കൊണ്ടുപോയി കൊടുക്കാനായി പോകേണ്ടിവരുമെന്നും ചിരിയോടെ ഷമി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിൽ ആദ്യ മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ ഷമിക്ക് ഇടം ലഭിച്ചിരുന്നില്ല. പിന്നീട് ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് ഷമി പ്ലേയിംഗ് ഇലവനിലെത്തിയത്.