ദിവസം ഭാര്യയെ 100 -ലധികം തവണ വിളിക്കും, ഒന്നും മിണ്ടാതെ കട്ടാക്കും, ഭർത്താവ് അറസ്റ്റിൽ, വിചിത്രസംഭവം ജപ്പാനിൽ

0
96

ഭാര്യയെയോ ഭർത്താവിനെയോ അവ​ഗണിക്കുന്നത് അത്ര നല്ല കാര്യമല്ല. അതുപോലെ തന്നെയാണ് അവരെ അധികം ബുദ്ധിമുട്ടിക്കുന്നതും. അടുത്തില്ലാത്തപ്പോൾ നിരന്തരം വിളിച്ചു കൊണ്ടിരിക്കുക. ശല്ല്യപ്പെടുത്തുക എന്നതെല്ലാം ഇതിൽ പെടും. അങ്ങനെ, ജപ്പാനിൽ ഭാര്യയെ 100 തവണ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജപ്പാനിലെ അമാഗസാക്കിയിലാണ് സംഭവം നടന്നത്.

38 -കാരനായ യുവാവ് നിരന്തരം തന്റെ ഭാര്യയെ വിളിക്കുമത്രെ. അത് മാത്രമല്ല. സ്വന്തം നമ്പറിൽ നിന്നും മാത്രമല്ല, അപരിചിതമായ നമ്പറുകളിൽ നിന്നും ഇയാൾ ഭാര്യയെ വിളിക്കും. ഭാര്യ ഫോൺ എടുത്തു കഴിഞ്ഞാൽ ഒന്നും മിണ്ടാതെ കട്ടാക്കുകയാണ് പതിവ്. എന്നാൽ, ഇങ്ങനെ മറ്റ് നമ്പറുകളിൽ നിന്നും വിളിക്കുന്നത് തന്റെ ഭർത്താവാണ് എന്ന് യുവതിക്ക് അറിയുമായിരുന്നില്ല. കുറേ ദിവസങ്ങളായി ഇങ്ങനെ തുടരെ തുടരെ കോളുകൾ വന്നു തുടങ്ങിയതോടെ യുവതി ആകെ പരിഭ്രമിക്കുകയും ചെയ്തു.

എന്നാൽ, താൻ വീട്ടിൽ ഉള്ളപ്പോഴോ ഭർത്താവിന്റെ ഫോണിൽ താൻ വീഡിയോ ​ഗെയിം കളിക്കുമ്പോഴോ കോളുകൾ വരുന്നില്ല എന്നതും യുവതി ശ്രദ്ധിച്ചു. പിന്നാലെ, 31 -കാരിയായ യുവതി പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ അവൾ പൊലീസിൽ വിവരം അറിയിച്ചു. ഭർത്താവിനെ സംശയമുണ്ട് എന്ന കാര്യവും അവൾ മറച്ചുവച്ചിരുന്നില്ല.

പൊലീസ് വിശദമായ അന്വേഷണം തന്നെ നടത്തി. വിശദമായ ഈ അന്വേഷണത്തിനൊടുവിൽ യുവതിയുടെ ഭർത്താവ് തന്നെയാണ് ഈ കോളുകൾക്കെല്ലാം പിന്നിൽ എന്നും പൊലീസ് കണ്ടെത്തിയത്. ജപ്പാനിലെ ആന്റി- സ്റ്റോക്കിം​ഗ് നിയമം (anti-stalking law) അനുസരിച്ച് സപ്തംബർ നാലിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്തിനാണ് ഇങ്ങനെ നിരന്തരം ഭാര്യയെ പല നമ്പറുകളിൽ നിന്നായി വിളിച്ചു കൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് യുവാവ് നൽകിയ ഉത്തരമാണ് എല്ലാവരേയും ഞെട്ടിച്ചത്. ഭാര്യയെ തനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നും അതിനാലാണ് ഒരുപാട് നമ്പറുകളിൽ നിന്നായി വിളിക്കുന്നത് എന്നുമായിരുന്നു മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here