അർജൻ്റീന ഫുട്ബോൾ കേരളത്തിലേക്ക്? ഔദ്യോഗികമായി ക്ഷണിക്കാൻ കായിക മന്ത്രി നാളെ സ്പെയിനിലേക്ക്

0
102

തിരുവനന്തപുരം: അർജൻറീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്‌ദുറഹ്മാൻ സ്പെയിനിലേക്ക് പോകും. നാളെ പുലർച്ചെയാണ് യാത്ര. മാഡ്രിഡിൽ എത്തുന്ന മന്ത്രി വി അബ്ദുറഹിമാൻ അർജൻറീന ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തും. മന്ത്രിക്കൊപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്പെയിനിലേക്ക് പോകുന്നുണ്ട്. അർജൻ്റീന ടീം കഴിഞ്ഞ ലോകകപ്പ് കിരീടം നേടിയപ്പോൾ തന്നെ കേരളത്തിലേക്ക് ടീമിനെ എത്തിക്കാൻ ശ്രമിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സ്പെയിനിലേക്ക് പോകുന്നത്.

സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നേരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കായികമന്ത്രി വ്യക്തമാക്കിയത്. അർജൻ്റീന ടീമിനെ ഇന്ത്യയിലെത്തിക്കാനുള്ള ഉയർന്ന ചെലവായിരുന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ക്ഷണം നിരസിക്കുന്നതിന് കാരണമായത്.

2022-ൽ ഫുട്ബോൾ ലോകകപ്പ് നേടിയത് അർജൻ്റീനയായിരുന്നു. കേരളത്തിൽ ഏറെ ആരാധകരുള്ള ഫുട്ബോൾ ടീമാണ് അർജൻ്റീന. കേരളത്തിലെ ലോകകപ്പ് ആവേശം അന്താരാഷ്ട്ര തലത്തിൽ തന്നെ വാർ‍ത്തയായിരുന്നു. ലോകകപ്പ് വിജയത്തിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ അര്‍ജന്റീന അംബാസഡറെ സന്ദർശിച്ച് സംസ്ഥാനത്ത് ഫുട്‌ബോള്‍ വികസനത്തിന് അര്‍ജന്റീനയുമായി സഹകരിക്കുന്നതിനുള്ള താത്പര്യം അറിയിച്ചിരുന്നു. 2011 ൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കൊൽക്കത്തയിൽ കളിച്ചിട്ടുണ്ട്. അർജന്റീന – വെനസ്വേല മത്സരം കാണാൻ കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ 85000 പേരാണ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here