ഹിജാബ് ധരിച്ച വിദ്യാർഥികളെ ഗേറ്റിൽ തടഞ്ഞ പ്രിൻസിപ്പലിനുള്ള അധ്യാപക പുരസ്കാരം പിൻവലിച്ച് കർണാടക സർക്കാർ

0
85

മംഗളൂരു: കുന്താപുര ഗവ. പി.യു കോളജ് പ്രിൻസിപ്പൽ ബി.ജെ. രാമകൃഷ്ണക്ക് പ്രഖ്യാപിച്ച മികച്ച അധ്യാപകനുള്ള പുരസ്കാരം കർണാടക സർക്കാർ പിൻവലിച്ചു. മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ശിരോവസ്ത്ര നിരോധം നടപ്പാക്കാൻ രംഗത്തിറങ്ങിയ ഇദ്ദേഹത്തെ മികച്ച അധ്യാപകനായി ആദരിക്കുന്നതിൽ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.

രണ്ട് വർഷം മുമ്പ് ബി.ജെ.പി സർക്കാർ ശിരോവസ്ത്ര നിരോധനം കൊണ്ടുവന്നപ്പോഴായിരുന്നു പ്രിൻസിപ്പാലിന്‍റെ വിവാദ നടപടി. കുന്താപുര കോളജിൽ ഹിജാബ് ധരിച്ച് വന്ന കുട്ടികളെ കണ്ട്, പ്രിൻസിപ്പലായിരുന്ന ബി.ജെ. രാമകൃഷ്ണ തന്റെ കാബിനിൽ നിന്ന് ഇറങ്ങിവന്ന് കോളജ് കവാടത്തിൽ ഇവരെ തടയുകയായിരുന്നു. ഹിജാബ് ധരിക്കാനുള്ള അവകാശം സംബന്ധിച്ച് തർക്കിച്ച വിദ്യാർഥിനികളോട് കോളജ് കമ്മിറ്റി ചെയർമാനും കുന്താപുര ബി.ജെ.പി എം.എൽ.എയുമായ ഹലാദി ശ്രീനിവാസ ഷെട്ടിയുടെ നിർദേശമാണ് താൻ നടപ്പാക്കുന്നത് എന്നായിരുന്നു രാമകൃഷ്ണ പറഞ്ഞത്.

ബി.ജെ. രാമകൃഷ്ണക്ക് അധ്യാപക ദിനത്തിൽ മികച്ച അധ്യാപകനുള്ള പുരസ്കാരം നൽകാനുള്ള തീരുമാനത്തിനെതിരെ വിവിധ സംഘടനകൾ എതിർപ്പുയർത്തിയിരുന്നു. തുടർന്നാണ് പുരസ്കാരം പിൻവലിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here