കാലിയ റഫീഖ് കൊലപാതകം; നാലുപ്രതികളെ വെറുതെ വിട്ടു

0
416

മംഗളൂരു: അധോലോക ഗാങ്ങുകളുടെ പകയെ തുടര്‍ന്ന് രണ്ടു കൊലക്കേസടക്കം 30 കേസുകളിലെ പ്രതിയായിരുന്ന ഉപ്പള മണിമുണ്ടയിലെ കാലിയ റഫീഖിനെ(45) വെട്ടിയും വെടിവച്ചും കൊലപ്പെടുത്തിയ കേസിലെ നാലുപ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഉപ്പള സ്വദേശി നൂറലി, രണ്ടാം പ്രതി യൂസഫ്, അഞ്ചാംപ്രതി രാജപുരത്തെ റഷീദ്, ആറാംപ്രതി കാസര്‍കോട് സ്വദേശി നജീബ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് മംഗളൂരു ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. ഒന്‍പതു പ്രതികളുള്ള കേസിലെ മറ്റു പ്രതികളെ പിടികൂടാനുണ്ട്.

2017 ഫെബ്രുവരി 14ന് രാത്രി തലപ്പാടി കോട്ടേക്കാര്‍ ദേശീയപാതയില്‍ ആയിരുന്നു കൊലപാതകം. കെ.എല്‍.14 എം 7005 കാറില്‍ വരുകയായിരുന്ന കാലിയാ റഫീഖിനെ റോങ് സൈഡില്‍ നിന്ന് വന്ന ടിപ്പര്‍ ലോറി കാറിലിടിച്ച് നിറുത്തി. കാറില്‍ നിന്ന് ഇറങ്ങി ഓടിയ റഫീഖിനെ മറ്റൊരു കാറിലുണ്ടായിരുന്ന സംഘം വെടിവച്ചു കൊല്ലുകയായിരുന്നു. ഇതിനിടയില്‍ ഇതേ സംഘം റഫീഖിനെ വെട്ടി മരണം ഉറപ്പാക്കി. അതിന് ശേഷം ഈ സംഘം അവര്‍ എത്തിയ കാറില്‍ രക്ഷപ്പെട്ടു. അക്രമത്തില്‍ റഫീഖിനൊപ്പമുണ്ടായിരുന്ന മണിമുണ്ടയിലെ സാഹിദിന് കൈക്ക് പരിക്കേറ്റിരുന്നു. 2014 ല്‍ ഉപ്പളയിലെ മുത്തലിബിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് കാലിയ റഫീഖിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്ന് വ്യാപകമായ ആക്ഷേപമുണ്ടായിരുന്നു.

പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ അസീസ് ബായാര്‍, വിക്രം ഹെഗ്‌ഡേ, രാജേഷ് എന്നിവരാണ് കോടതിയില്‍ ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here