ഷിരൂർ ദൗത്യം; കൂടുതല്‍ സ്‌പോട്ട് കണ്ടെത്തി തിരച്ചില്‍, അസ്ഥി ഡിഎന്‍എ പരിശോധനയ്ക് അയക്കും

0
9

ബെംഗളൂരു: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകം. തിരച്ചിലിന്റെ മൂന്നാം ഘട്ട ദൗത്യത്തില്‍ ഡ്രഡ്ജിങ്ങിന് പുറമെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍ആര്‍എഫ് സംഘാംഗങ്ങള്‍ കൂടി ദൗത്യത്തിന്റെ ഭാഗമാകും. റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ ഇന്ന് ഷിരൂരില്‍ എത്തും. ജിപിഎസ് സംവിധാനം വഴി നേരത്തെ കണ്ടെത്തിയ സ്‌പോട്ടുകളില്‍ കൂടുതല്‍ സാധ്യത ഉള്ള മേഖല കണ്ടെത്താനുള്ള ശ്രമമായിരിക്കും ഇന്ന് നടക്കുന്നത്. തുടര്‍ന്ന് ആ മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തെരച്ചില്‍ തുടരുക.

അതേസമയം ഇന്നലെ കണ്ടെത്തിയ അസ്ഥിയുടെ ഭാഗം ഇന്ന് ഡിഎന്‍എ പരിശോധനയ്ക്കായി ഐഎഫ്എസ്എല്ലിലേക്ക് അയക്കും. ഫലം ലഭ്യമാകാന്‍ അഞ്ച് ദിവസത്തോളം സമയം എടുക്കും. മനുഷ്യന്റെതാണോ അതോ മൃഗങ്ങളുടെ അസ്ഥിയുടെ ഭാഗമാണോ എന്ന കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതും ലാബിലെ പരിശോധന ഫലം വന്ന ശേഷം മാത്രമാകും. നേരത്തെ തന്നെ കാണാതായ ആളുകളുടെ ബന്ധുക്കളില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇന്നത്തെ ദൗത്യത്തിന് ഉത്തര കന്നഡ എസ്പി നാരായണ നേതൃത്വം നല്‍കും.

ഈശ്വര്‍ മാല്‍പേയുടെ സേവനം തുടര്‍ന്നും ലഭ്യമാക്കണമെന്ന് അര്‍ജുന്റെ ലോറി ഉടമ മനാഫ് കാര്‍വാര്‍ എംഎല്‍എയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഭരണകൂടവുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം ഈശ്വര്‍ മാല്‍പെ തിരച്ചില്‍ അവസാനിപ്പിച്ച് പോയിരുന്നു. ഭരണകൂടവുമായി എപ്പോഴും അടിയുണ്ടാക്കാന്‍ സാധിക്കില്ലെന്നും കേരളക്കാരോട് മാപ്പ് ചോദിക്കുന്നുവെന്നും ഈശ്വര്‍ മാല്‍പെ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

‘വലിയ ഹീറോയാകണ്ടെന്ന് പറഞ്ഞ് ഒരു ഫോണ്‍ വന്നു. ഞാന്‍ ഹീറോയാവാന്‍ വന്നതല്ല, അര്‍ജുന്റെ തിരച്ചിലിന് വേണ്ടി വന്നതാണ്. ഞങ്ങള്‍ തിരിച്ച് നാട്ടില്‍ പോകുന്നു, എല്ലവരോടും ക്ഷമ ചോദിക്കുന്നു. കുടുംബത്തെയും കുട്ടികളെയും വിട്ടാണ് ഇവിടെ വന്നത്. എന്നിട്ട് അടി ഉണ്ടാക്കി നില്‍ക്കേണ്ട ആവശ്യമില്ല. എന്താണ് സംഭവമെന്ന് അറിയില്ല. അര്‍ജുന്റെ അമ്മയോട് ക്ഷമ ചോദിക്കുന്നു. തിരച്ചിലിന് ഒരുപാട് ബുദ്ധിമുട്ടുണ്ട്. കേരളക്കാരോട് മാപ്പ് ചോദിക്കുന്നു,’ എന്നായിരുന്നു മാല്‍പെയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here