താലൂക്ക് ആശുപത്രി കെട്ടിട നിർമാണത്തിന് അനുവദിച്ച കിഫ്‌ബി ഫണ്ട് ഉപയോഗിക്കാത്തതിനെതിരെ പ്രക്ഷോഭം നടത്തും എൻ.സി.പി- എസ്

0
27

ഉപ്പള.താലൂക്ക് ആസ്ഥാന ആശുപത്രിയുടെ വികസനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായും, സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന മംഗൽപാടി താലൂക്ക് ആശുപത്രിക്ക് കിഫ്ബിയിൽ നിന്നും അനുവദിച്ച പതിനേഴര കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിർമാണം ഉടൻ ആരംഭിക്കണമെന്നും, ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൻ.സി. പി -എസ് മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ആശുപത്രി വികസനത്തിനായി വർഷങ്ങൾക്കു മുമ്പ് സർക്കാർ കിഫ്‌ബിയിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിക്കാതെ മുടങ്ങി കിടക്കുകയാണ്.

കിഡ്കോയെ നിർമാണ ചുമതല ഏൽപ്പിച്ചതിനെ തുടർന്ന്  പഴയ കെട്ടിടം പൊളിച്ചുമാറ്റി മണ്ണ് പരിശോധന നടത്തിയതല്ലാതെ മറ്റു പ്രവർത്തികൾ ഒന്നും നടന്നിട്ടില്ല. സ്ഥലം എം. എൽ. എയോ ആരോഗ്യ വകുപ്പ് അധികാരികളോ ഇത് സംബന്ധിച്ച് യാതൊരു വിവരവും അറിയിക്കാതെ ഒഴിഞ്ഞുമാറുകയാണ്. നാട്ടിലെ സന്നദ്ധ സംഘടന ഏറെക്കാലം നടത്തിയ നിരാഹാര സമരത്തിന്റെ ഫലമായാണ് ഫണ്ട് അനുവദിച്ചിരുന്നത്. ഫണ്ട് ഉപയോഗപ്പെടുത്താത്തതിന് എതിരെ വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യങ്ങൾ ബന്ധപ്പെട്ടവർ ചെവി കൊള്ളാത്തതിനെ തുടർന്നാണ് എൻ സി പി- എസ് പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നത്.

ആശുപത്രി വികസനം നാടിന് അനിവാര്യമാവുകയും ജനപ്രതിനിധികളും ബന്ധപ്പെട്ട അധികാരികളും ഇക്കാര്യം അവഗണിക്കുകയും ചെയ്യുന്നതത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആശുപത്രി വികസന കാര്യത്തിൽ സർക്കാർ കനിഞ്ഞിട്ടും എവിടെയാണ് മുടക്കം വന്നതെന്ന് അറിയാൻ ഈ നാട്ടുകാർക്ക് താല്പര്യമുണ്ട്. ഒരു താലൂക്ക് ആശുപത്രി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥയിലേക്ക് അധഃപതിപ്പിക്കരുതെന്ന്  നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് ആശുപത്രി വികസനത്തിന് തുരങ്കം വെക്കാൻ ആരു ശ്രമിച്ചാലും അവരെ ജനസമക്ഷം കൊണ്ടുവരാൻ എൻ.സി.പി എസ് ശ്രമിക്കുമെന്നും നേതാക്കൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ എൻ.സി.പി.എസ് ജില്ലാ ജന.സെക്രട്ടറി സുബൈർ പടുപ്പ്, മഞ്ചേശ്വരം ബ്ലോക് പ്രസിഡൻ്റ് മഹ്മൂദ് കൈക്കമ്പ, ജന.സെക്രട്ടറി മുഹമ്മദ് ആന ബാഗിൽ, സിദ്ധീഖ് കൈക്കമ്പ, കദീജ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here