സൗന്ദര്യപ്പിണക്കം: മകനെയുംകൂട്ടി പിതാവ് ഗള്‍ഫില്‍പോയി, ഇന്റര്‍പോള്‍ സഹായത്തോടെ തിരികെയെത്തിച്ചു

0
121

കാഞ്ഞങ്ങാട്: കുടുംബത്തിലെ സൗന്ദര്യപ്പിണക്കത്തിനിടെ രണ്ടുമക്കളിൽ ഒരാളെ കൂട്ടി പിതാവ് ഗൾഫിലേക്ക്‌ കടന്നു. മകനെ തട്ടിക്കൊണ്ടുപോയതാണെന്നു പറഞ്ഞ് മാതാവ് പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തി. ഹൈക്കോടതി നിർദേശംകൂടി വന്നതോടെ പോലീസ് ഇന്റർപോളിന്റെ സഹായത്തോടെ പിതാവിനെയും മകനെയും നാട്ടിലെത്തിച്ചു. അറസ്റ്റിലായ പിതാവിന് ജാമ്യം നൽകിയ കോടതി മകനെ മാതാവിനൊപ്പം വിട്ടയച്ചു. കാഞ്ഞങ്ങാട്ടാണ് സംഭവം.

ഇളയമകനെ കൂട്ടിയാണ് മാതാവ് ബുധനാഴ്ച ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തിയത്. രണ്ടരവർഷത്തിനുശേഷം സഹോദരങ്ങൾ കണ്ടുമുട്ടിയപ്പോൾ ഇവരുടെ സ്നേഹപ്രകടനം വൈകാരികമായി. കൊളവയൽ സ്വദേശി തബ്ഷീറയാണ് ഭർത്താവ് കണമരം ഷക്കീറി(40)നെതിരെ പരാതിയുമായെത്തിയത്. 2022-ലാണ് സംഭവം. ചീമേനി വെള്ളച്ചാൽ സ്വദേശിയായ ഷക്കീർ കൊളവയിലിലെ തബ്ഷീറയുടെ വീട്ടിലെത്തി ആറുവയസ്സുള്ള മൂത്തമകനെയും കൂട്ടി പോകുകയായിരുന്നു.

ഭർത്താവ് മകനെയും കൂട്ടി ഗൾഫിലേക്ക്‌ പോയെന്നറിഞ്ഞപ്പോൾത്തന്നെ തബ്ഷീറയുടെ പരാതിയിന്മേൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തിരുന്നു. വീട്ടിൽ അതിക്രമിച്ചു കടക്കൽ, കുട്ടിയെ തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയായിരുന്നു കേസ് റജിസ്റ്റർചെയ്തിരുന്നത്.

ദിവസങ്ങൾക്ക് മുൻപ് തബ്ഷീറ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽചെയ്തു. അടുത്തമാസം മൂന്നിന് കുട്ടിയെയും പിതാവിനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഇതോടെ ഹൊസ്ദുർഗ് പോലീസ് ഇന്റർപോളിന്റെ സഹായം തേടുകയും ഷക്കീറിനെതിരെ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഷക്കീറും മകനും മംഗളൂരു വിമാനത്താവളം വഴി നാട്ടിലേക്ക്‌ വരുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഇന്റർപോളിൽനിന്ന്‌ വിവരം ലഭിച്ചു. ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത്കുമാറിന്റെ നിർദേശപ്രകാരം പോലീസ് ചൊവ്വാഴ്ച രാത്രിയോടെ മംഗളൂരു വിമാനത്താവളത്തിലെത്തി.

ബുധനാഴ്ച പുലർച്ചെയോടെയെത്തിയ ഷക്കീറിനെയും മകനെയുംകൂട്ടി പോലീസ് കാഞ്ഞങ്ങാട്ടേക്ക്‌ തിരിച്ചു. അറസ്റ്റ്‌ രേഖപ്പെടുത്തിയശേഷം ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയിൽ ഹാജരാക്കി. അതേസമയംതന്നെ പോലീസ് നിർദേശമനുസരിച്ച് തബ്ഷീറയും സ്റ്റേഷനിലെത്തിയിരുന്നു. മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയാണ് മൂത്തമകൻ. മാതാവിനൊപ്പം സഹോദരനെ കണ്ടതും അവൻ ഓടിയെത്തി കെട്ടിപ്പിടിച്ചും ഉമ്മവച്ചും സ്നേഹം പങ്കിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here