മഞ്ചേശ്വരം : വെള്ളിയാഴ്ച ഉച്ചയോടെ പോലീസ് വാഹനങ്ങൾ പതിവില്ലാതെ ഉപ്പള പത്വാടി റോഡിലൂടെ കുതിച്ചെത്തി കൊണ്ടവൂരിന് സമീപത്തെ ഇരുനില വീടിനു മുന്നിൽ നിർത്തിയത് സമീപവാസികളിൽ ആദ്യം ആകാംക്ഷയായിരുന്നു. മയക്കുമരുന്ന് പിടിച്ച വിവരം പുറത്തുവന്നതോടെ പലഭാഗത്തുനിന്നും ആളുകൾ ഒഴുകിയെത്തി.
ഓഗസ്റ്റ് 30-ന് മേൽപ്പറമ്പ് കൈനേത്ത് റോഡിൽ എം.ഡി.എം.എ.യുമായി അബ്ദുൾ റഹ്‌മാൻ എന്ന ബി.ഇ. രവിയെ (28) പോലീസ് പിടിച്ചിരുന്നു. കർണാടകയിലെ ചിക്കമംഗളൂരു മൂഡിഗരെ സ്വദേശിയായ ഇയാളിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ പോലീസെത്തിയത്.
വീട്ടിലുള്ള അസ്‌കർ അലിയോട് കാര്യങ്ങൾ തിരക്കിയെങ്കിലും നിഷേധിച്ചു. പിന്നീട് പോലീസ് വീട് പരിശോധിച്ചപ്പോഴാണ് നിരവധി കെട്ടുകളിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
വിവരം പുറത്തറിഞ്ഞതോടെ ഇടുങ്ങിയ റോഡ് മുഴുവൻ വാഹനങ്ങളും ആളുകളും നിറഞ്ഞു. ആളുകൾ വീട്ടിലേക്ക് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു.
ലഹരിക്കേസുകൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്ര വലിയ കേസും അതുണ്ടാക്കിയ കോലാഹലവും നാട്ടുകാരെ ഞെട്ടിച്ചു. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ അളവുതൂക്കം രേഖപ്പെടുത്തുന്ന പ്രകിയ രാത്രി വൈകിയും തുടർന്നു.
പിടിച്ചെടുത്ത ലഹരിവസ്തുക്കളും കസ്റ്റഡിയിലെടുത്ത പ്രതിയയുംകൊണ്ട് പോലീസ് പോയതിനു ശേഷമാണ് ആളുകൾ പിരിഞ്ഞത്. ഇതിനകം പോലീസ് പരിശോധനയുടെ വിവരങ്ങളും വാർത്തകളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പരന്നിരുന്നു.