അമ്പോ! കാത്തിരുന്ന അപ്ഡേറ്റുമായി ബിഎസ്എൻഎൽ; ഇത് പുതിയ നീക്കം, ദാ വരുന്നു ഇ‌ടിമിന്നൽ വേഗത്തിൽ 5ജി

0
134

ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കള്‍ നിരക്ക് ഉയര്‍ത്തിയതോടെ കൂടുതല്‍ പോരെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതികളുമായി മുന്നേറുകയാണ് ബിഎസ്എന്‍എല്‍. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാ‍ർത്ത ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്. അത് മറ്റൊന്നുമല്ല ബിഎസ്എൻഎൽ 5ജിയുടെ ടെസ്റ്റിം​ഗ് നടക്കുന്നതാണ്. രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ 4ജി വിന്യാസം പുരോ​ഗമിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം കമ്പനി നടത്തുന്നത്.

പ്രതീക്ഷിച്ചതിനേക്കാൾ വൈകിയാണ് 4ജി ടവറുകൾ പൂർത്തിയാകുന്നതെങ്കിലും രാജ്യത്ത് മിന്നൽ വേ​ഗത്തിലുള്ള ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് ബിഎസ്എൻഎല്ലിന്റെ ഭാ​ഗത്ത് നിന്നുള്ളത്. 4ജി പോലെ തന്നെ തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോ​ഗിച്ചാണ് ബിഎസ്എൻഎൽ 5ജി ഒരുക്കുന്നത്. മികച്ച വേ​ഗത്തിനായി കാത്തിരിക്കൂ എന്ന കുറിപ്പോടെ ഇതിന്റെ ദൃശ്യങ്ങൾ ബിഎസ്എൻഎൽ അധികൃതർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

മറ്റൊരു പൊതുമേഖല ടെലികോം കമ്പനിയായ എംടിഎൻഎല്ലിനെയും ടാ​ഗ് ചെയ്തുകൊണ്ടാണ് ബിഎസ്എൻഎല്ലിന്റെ ട്വീറ്റ്. ദില്ലിയിലാണ് ബിഎസ്എൻഎൽ 5ജി ടെസ്റ്റിം​ഗ് പുരോ​ഗമിക്കുന്നത്. ഇടിമിന്നൽ ഇന്റർനെറ്റ് വേ​ഗത ആസ്വദിക്കാൻ തയ്യാറായിക്കോളൂ എന്ന് ബിഎസ്എൻഎൽ ആഹ്വാനം ചെയ്യുന്നു. തദ്ദേശീയമായി വികസിപ്പിക്കുന്ന സാങ്കേതികവിദ്യ ഉപയോ​ഗിക്കുന്നതിനാലാണ് ബിഎസ്എൻഎൽ 4ജി വൈകിയത് എന്ന വിശദീകരണമാണ് ബിഎസ്എൻഎൽ നടത്തിയത്.
4ജി വ്യാപനം വേഗത്തിലാക്കാന്‍ 6000 കോടി രൂപ കൂടി ബിഎസ്എന്‍എല്ലിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും എന്ന റിപ്പോർട്ട് കഴി‍ഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. 2019ന് മുതലുള്ള ഉത്തേജക പദ്ധതികളുടെ ഭാഗമായി ഇതിനകം 3.22 ട്രില്യണ്‍ രൂപ ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനും കേന്ദ്ര സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. സ്വകാര്യ ടെലികോം നെറ്റ‌്‌വര്‍ക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഎസ്എന്‍എല്‍ 4ജി വ്യാപനം വളരെ പിന്നിലാണ്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നീ സ്വകാര്യ ടെലികോം സേവനദാതാക്കള്‍ക്ക് ഇതിനകം 4ജി രാജ്യത്തുണ്ട്. ജിയോയും എയ‍ർടെല്ലും 5ജി സേവനം തുടങ്ങിക്കഴിഞ്ഞു.

അതിനിടെ 4ജി, 5 ജി സേവനങ്ങള്‍ക്ക് യൂണിവേഴ്‌സല്‍ സിം പ്ലാറ്റ്‌ഫോമുകള്‍ ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. രാജ്യമെമ്പാടുമായി 4ജി സേവനം വ്യാപിപ്പിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് യൂണിവേഴ്സല്‍ സിം പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഉപയോക്താക്കള്‍ക്ക് നിലവിലെ സിം കാര്‍ഡ് മാറ്റാതെ തന്നെ 4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കാം. നിലവിലെ സിം കാര്‍ഡ് മാറ്റാതെ 4ജിയിലേക്കും പിന്നീട് 5ജിയിലേക്കും അപ്ഗ്രേഡ് ചെയ്യാന്‍ സഹായിക്കുന്ന സൗകര്യമാണിതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് എക്‌സില്‍ അറിയിച്ചു. അത് മാത്രവുമല്ല ഓവര്‍ ദ എയര്‍ സാങ്കേതികവിദ്യയും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here