ഗുജറാത്തിൽ 500 വർഷം പഴക്കമുള്ള പള്ളിയും ഖബറിസ്ഥാനും തകർത്തു

0
41

ഗാന്ധിനഗർ: സുപ്രീംകോടതിയുടെ ഉത്തരവ് പൂർണമായി ലംഘിച്ച് ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ അഞ്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയും ദർഗയും ഖബറിസ്ഥാനും ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് പ്രാദേശിക ഭരണകൂടത്തി​ന്‍റെ നടപടി. അനധികൃതമെന്നാരോപിച്ച് സ്ഥലത്തെ സോംനാഥ ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെയാണ് മസ്ജിദും തകര്‍ത്തത്. രാജ്യത്തുടനീളമുള്ള എല്ലാ പൊളിക്കലുകളും നിർത്തിവെക്കാൻ പത്ത് ദിവസം മുമ്പ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഉത്തരവ് ബാധകമല്ലെന്നും വ്യക്തമാക്കി.

എന്നാൽ, ഗുജറാത്ത് ഭരണകൂടം സുപ്രീംകോടതിയുടെ ഉത്തരവ് അവഗണിക്കുകയും 500 വർഷം പഴക്കമുള്ള മസ്ജിദും ഖബറിടവും ദർഗയും തകർക്കുകയും ചെയ്തു. അനധികൃത കെട്ടിടങ്ങൾ തകർക്കാൻ 36 ബുൾഡോസറുകൾ വിന്യസിച്ചിട്ടുണ്ടെന്നും 70 ട്രാക്ടറുകളും ട്രോളികളും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സോമനാഥ് വികസന പദ്ധതിക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികൾ തുടരുകയാണ്. ഗിർ സോമനാഥി​ന്‍റെ ചരിത്രത്തിലെ ഏറ്റവും വിപുലമായ പ്രവർത്തനമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പൊളിക്കൽ തടസ്സങ്ങളില്ലാതെ നടപ്പാക്കാൻ കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലാ കലക്ടർ, ഐ.ജി.പിമാർ, മൂന്ന് എസ്.പിമാർ, ആറ് ഡി.വൈ.എസ്.പിമാർ, 50 പി.ഐ-പി.എസ്.ഐമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 1,200 പൊലീസ് ഉദ്യോഗസ്ഥരെ അണിനിരത്തി. പള്ളി പൊളിക്കാന്‍ തുടങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി സ്ഥലത്തെത്തിയ 70 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായും പറയുന്നു.

ഗിര്‍ സോംനാഥ് അടക്കമുള്ള സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും ഗുജറാത്ത് സര്‍ക്കാറിന്‍റെ ബുള്‍ഡോസ് രാജ് തുടരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോംനാഥ് ട്രസ്റ്റി​ന്‍റെ കൈവശമുള്ള ഭൂമിയില്‍ അനധികൃത കൈയേറ്റം നടത്തിയെന്ന് ആരോപിച്ച് 21 വീടുകളും 153 കുടിലുകളും പൊളിക്കാനാണ് കലക്ടര്‍ വധ്വാനിയ ഉത്തരവിട്ടിരിക്കുന്നത്. ഗുജറാത്ത് സര്‍ക്കാരി​ന്‍റെ വരുമാനത്തി​ന്‍റെ വലിയ ഒരു ഭാഗം സോംനാഥ് ക്ഷേത്രത്തില്‍ നിന്നുള്ളതാണ്. ഇക്കാരണത്താലാണ് സോംനാഥി​ന്‍റെ വികസനത്തിന് ഗുജറാത്ത് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

രാജ്യത്ത് ഒക്ടോബര്‍ ഒന്നുവരെ ബുള്‍ഡോസര്‍ രാജ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട സുപ്രീംകോടതി ഉത്തരവിനെ അവഗണിച്ചാണ് ഗുജറാത്ത് സര്‍ക്കാറി​ന്‍റെ നീക്കം. രണ്ടാഴ്ചക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ്, ദല്‍ഹി, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുറ്റരോപിതരായവരുടെ സ്വത്തുവകകള്‍ അനധികൃതമായി ബുള്‍ഡോസര്‍ രാജ് ഉപയോഗിച്ച് പൊളിച്ച് മാറ്റുന്നതിനെ സംബന്ധിച്ചുള്ള ഹരജികള്‍ പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here