തദ്ദേശതിരഞ്ഞെടുപ്പിൽ ഇത്തവണ ജില്ലയിൽ 61 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ കൂടും

0
153

കാസർകോട് : തദ്ദേശതിരഞ്ഞെടുപ്പിൽ ഇത്തവണ ജില്ലയിൽ 61 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ കൂടും. ഒൻപത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും അധികമായി വന്നു. ജനസംഖ്യാടിസ്ഥാനത്തിൽ വാർഡുവിഭജനം പൂർത്തിയായപ്പോൾ സംവരണ വാർഡുകളിലെ എണ്ണത്തിലും ആനുപാതികമായ വർധനയുണ്ടായിട്ടുണ്ട്. നേരത്തേ 38 ഗ്രാമപ്പഞ്ചായത്തുകളിൽ 664 വാർഡുകളായിരുന്നത് നിലവിൽ 725 എണ്ണമായി കൂടി. ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ 83 ഡിവിഷനുകളുണ്ടായത് 92 ആയും 17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ 18-ഉം ആയി.

തദ്ദേശതിരഞ്ഞെടുപ്പിന് മുൻപായി ഒരു വാർഡ് വീതം കൂട്ടാനായിരുന്നു തീരുമാനമെങ്കിലും ജില്ലയിൽ 17 ഗ്രാമപ്പഞ്ചായത്തുകളിൽ ഒന്നിലധികം വാർഡുകൾ വർധിച്ചു. മധൂർ ഗ്രാമപ്പഞ്ചായത്തിലാണ് കൂടുതൽ വാർഡുകൾ. 20 എണ്ണമുണ്ടായിരുന്നത് 24 ആയി. മഞ്ചേശ്വരം, മുളിയാർ, തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്തുകളിൽ മൂന്ന് വീതവും, വോർക്കാടി, പുത്തിഗെ, മീഞ്ച, പൈവളിഗെ, ബദിയഡുക്ക, ബേഡഡുക്ക, മൊഗ്രാൽപുത്തൂർ, ഉദുമ, കോടോം ബേളൂർ, പള്ളിക്കര, പനത്തടി, പുല്ലൂർ പെരിയ, ഈസ്റ്റ് എളേരി, പിലിക്കോട്, കിനാനൂർ കരിന്തളം, തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്തുകളിൽ രണ്ടുവീതവും മറ്റിടങ്ങളിൽ ഓരോ വാർഡുകളുമാണ് കൂടിയത്‌. ബ്ലോക്ക് പഞ്ചായത്തുകളിൽ കാസർകോട് മൂന്ന് ഡിവിഷനുകൾ വർധിച്ച് 15 ഉണ്ടായത് 18 ആയി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് ഡിവിഷനുകൾ വർധിച്ചു. മഞ്ചേശ്വരം, നീലേശ്വരം, കാറഡുക്ക, പരപ്പ ബ്ലോക്ക് പഞ്ചായത്തുകളിൽ ഓരോ ഡിവിഷനുകളാണ് വർധിച്ചത്. ഇരട്ട അക്കമുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഗ്രാമപ്പഞ്ചായത്തുകളിലും 50 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയപ്പോൾ ഒറ്റ അക്കമുള്ളിടങ്ങളിൽ ഒരു സീറ്റ് അധികമായി സ്ത്രീകൾക്ക് ഉറപ്പാക്കിയിട്ടുണ്ട്.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലേതുൾപ്പെടെ വനിതാ സംവരണമായി 371 ഗ്രാമപ്പഞ്ചായത്ത് വാർഡുകളും പട്ടികജാതി സംവരണം-29 വാർഡുകൾ, പട്ടികജാതി സ്ത്രീ-രണ്ട്, പട്ടികവർഗം-30 വാർഡുകളും, പട്ടികവർഗത്തിലെ സ്ത്രീകൾക്ക് 15 വാർഡുകളും സംവരണം ചെയ്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെ സീറ്റിന്റെ പകുതിയിലധികവം വാർഡുകളും (47 വാർഡുകൾ) സ്ത്രീ സംവരണമാണ്. പട്ടികജാതി വിഭാഗത്തിന് നാലും പട്ടികവർഗ വിഭാഗത്തിന് നാലും പട്ടികവർഗവിഭാഗത്തിലെ സ്ത്രീകൾക്ക് ഒന്നും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

ഒൻപത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും അധികം

LEAVE A REPLY

Please enter your comment!
Please enter your name here