വഖഫ് ബില്ലിനെ പിന്തുണച്ച് മൂന്ന് മുസ്‍ലിം സംഘടനകൾ

0
9

ഡൽഹി: വഖഫ് ബില്ലിനെ പിന്തുണച്ച് ആർഎസ്എസ് ബന്ധമുള്ള സംഘടന ഉൾപ്പെടെ മൂന്ന് മുസ്‍ലിം സംഘടനകൾ. വെള്ളിയാഴ്ച ചേർന്ന വഖഫ് (ഭേദഗതി) ബില്ലിന്റെ സംയുക്ത പാർലമെന്ററി പാനൽ യോഗത്തിലാണ് വഖഫ് നിയമത്തിലെ നിർദിഷ്ട ഭേദഗതികളെ ആർഎസ്എസ് അനൂകൂല സംഘടനടയടക്കം പിന്തുണച്ചത്.

ഓൾ ഇന്ത്യ സൂഫി സജ്ജദാനശിൻ കൗൺസിൽ, ആർഎസ്എസ് രൂപീകരിച്ച മുസ്‌ലിം രാഷ്ട്രീയ മഞ്ച്*, എൻജിഒ ഭാരത് ഫസ്റ്റ് എന്നീ മൂന്ന് സംഘടനകളാണ് പിന്തുണച്ചത്. സംയുക്തസമിതിക്ക് മുന്നിൽ ഓരോ സംഘടനകളും വെ​വ്വേറെ അവതരണമാണ് നടത്തിയത്. പ്രതിപക്ഷ അംഗങ്ങൾ സംഘടനകളുടെ അവകാശവാദങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയത് സംഘടനകളെ പ്രതിരോധത്തിലാക്കി.

വെള്ളിയാഴ്ച നടന്ന യോഗത്തിലും എൻഡിഎ അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ചൂടേറിയ വാഗ്വാദങ്ങളാണ് നടന്നത്. സമിതിയുടെ നേതൃത്വത്തിൽ വഖഫുമായി ബന്ധമുള്ള വിവിധ നഗരങ്ങൾ സന്ദർശിക്കും. സെപ്റ്റംബർ 26 നും ഒക്ടോബർ 1 നും ഇടയിൽ മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ വഖഫ് ബില്ലുമായി ബന്ധപ്പെട്ട് യോഗങ്ങളും കൂടിക്കാഴ്ചയും നടത്താൻ സമിതി തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി കമ്മിറ്റി അധ്യക്ഷൻ ജഗദാംബിക പാലുമായി ജമാഅത്തെ ഇസ്‍ലാമി ഉന്നതതല പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് സയ്യിദ് സദത്തുല്ല ഹുസൈനിയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായി നൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമായതിനാലും വഖഫ് സ്വത്തുക്കളുടെ സ്വയംഭരണത്തിനും പരിപാലനത്തിനും കാര്യമായി ഭീഷണി ഉയർത്തുന്നതിനാലും നിർദിഷ്ട ബില്ലിനെക്കുറിച്ച് ജമാഅത്ത് പ്രതിനിധികൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.

വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്നതോടെയാണ് വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്. ഭരണഘടനാപരമായ നിരവധി പിഴവുകൾ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വിശദമായ പരിശോധന നടത്താനാണ് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടത്. പാർലമെന്ററി സമിതിയുടെ ആദ്യ​യോഗത്തിൽ സഖ്യകക്ഷികൾ ആശങ്കകളും പ്രതിപക്ഷം എതിർപ്പുകളും ഉയർത്തിക്കാട്ടിയതോടെ ബിജെപി പ്രതിരോധത്തിലായിരുന്നു. എൻ.ഡി.എ ഘടക കക്ഷികളടക്കം ​മോദി സർക്കാരിന്റെ നിലപാടുകളോട് വിയോജിച്ചതോടെയാണ് യോഗത്തിൽ ​ബി.ജെ.പി ​ഒറ്റപ്പെട്ടത്.

എന്താണ് മുസ്‌ലിം രാഷ്ട്രീയ മഞ്ച്

മുസ്‌ലിം സമുദായവുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആർ.എസ്.എസ് മേധാവിയായിരുന്ന കെ.എസ് സുദർശന്റെ ആശീർവാദത്തോടെ 2002 ഡിസംബർ 24-നാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ച് രൂപീകരിച്ചത്. മുസ്‌ലിം സമുദായത്തിന്റെ ആശങ്കകൾ ഇല്ലാതാക്കി അവരെ ആർ.എസ്.എസുമായും ഹിന്ദുത്വ സംഘടനകളുമായും അടുപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.

2002 ഡിസംബർ 24ന് ചേർന്ന യോഗത്തിൽ സുദർശന് പുറമെ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പത്മശ്രീ മുസഫർ ഹുസൈൻ, അദ്ദേഹത്തിന്റെ ഭാര്യയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ നഫീസ, ആർ.എസ്.എസ് സൈദ്ധാന്തികൻ എം.ജി വൈദ്യ, മുതിർന്ന ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ, മദൻ ദാസ്, ഓൾ ഇന്ത്യാ ഇമാം കൗൺസിൽ അധ്യക്ഷൻ മൗലാനാ ജമീൽ ഇല്യാസി, മൗലാനാ വാഹിദുദ്ദീൻ ഖാൻ, ഫത്തേപൂർ മസ്ജിദ് ഷാഹി ഇമാം മൗലാനാ മുഖറം തുടങ്ങിയവർ പങ്കെടുത്തിരുന്നു.

ഇന്ത്യയിൽ ജനിച്ചുവളർന്ന ഭാരതീയ പാരമ്പര്യം ഉൾക്കൊള്ളുന്ന മുസ്‌ലിംകൾ ന്യൂനപക്ഷ പദവിയിൽ നിൽക്കേണ്ടവരല്ലെന്നാണ് കെ.എസ് സുദർശൻ യോഗത്തിൽ വിശദീകരിച്ചത്. ഇസ്‌ലാമിന്റെ തീവ്രവാദമുഖം മാത്രമാണ് പലപ്പോഴും ലോകം ചർച്ച ചെയ്യുന്നത്. എന്നാൽ അതിന് സമാധാനത്തിന്റെ ഒരു മുഖമുണ്ട്. അത് ലോകത്തിന് പരിചപ്പെടുത്തുന്നത് എങ്ങനെയെന്ന ചർച്ചയുടെ ഫലമായാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ രൂപീകരണത്തിലേക്ക് എത്തിയതെന്നാണ് ആർഎസ്എസ് നേതൃത്വം പറയുന്നത്. മുതിർന്ന ആർഎസ്എസ് നേതാവായ ഇന്ദ്രേഷ് കുമാർ ആണ് സംഘടനയുടെ മുഖ്യ രക്ഷാധികാരി. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ച് പ്രവർത്തിക്കുന്നത്.

സൂഫിസമാണ് ഇസ്‌ലാമിന്റെ യഥാർഥ മുഖമെന്നാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രചാരണം. മുസ്‌ലിം സമുദായത്തിന്റെ ദേശീയ ബോധമുള്ളവരാക്കി മാറ്റുകയാണ് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള മാർഗമെന്നാണ് സംഘടനയുടെ മുഖ്യ രക്ഷാധികാരിയായ ഇന്ദ്രേഷ് കുമാർ പറയുന്നത്. അതിനായുള്ള പ്രവർത്തനങ്ങളാണ് സംഘടന നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വ്യക്തിയാണ് ഇന്ദ്രേഷ് കുമാർ. 2007ൽ മക്ക മസ്ജിദിൽ നടന്ന സ്‌ഫോടനത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ദ്രേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. അജ്മീർ, മക്കാ മസ്ജിദ്, മലേഗാവ്, സംഝോത ഏക്‌സ്പ്രസ് എന്നിവിടങ്ങളിൽ നടന്ന സ്‌ഫോടനങ്ങളിലെ മുഖ്യപ്രതിയായ സ്വാമി അസിമാനന്ദയുമായി അടുത്ത ബന്ധമുള്ളയാളാണ് ഇന്ദ്രേഷ് കുമാർ. സ്‌ഫോടനം ആസൂത്രണം ചെയ്യാൻ ജയ്പൂരിൽ നടത്തിയ ഗൂഢാലോചനയിൽ അസിമാനന്ദ, പ്രഗ്യ സിങ് ഠാക്കൂർ, സുനിൽ ജോഷി തുടങ്ങിയവർക്കൊപ്പം ഇന്ദ്രേഷ് കുമാറും പങ്കെടുത്തിരുന്നുവെന്നും സിബിഐ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here