ദില്ലി: രാജ്യത്ത് സ്പാം കോളുകള്‍ക്കും സൈബര്‍ ക്രൈമിനും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനും തടയിടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം. തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്ന ഒരു കോടി മൊബൈല്‍ ഫോണ്‍ നമ്പറുകളാണ് അടുത്തിടെ വിച്ഛേദിച്ചത് എന്ന് ടെലികോം മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു. സംശയാസ്‌പദമായ തട്ടിപ്പ് ഫോണ്‍ നമ്പറുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സഞ്ചാര്‍ സാഥി വെബ്‌സൈറ്റ് സംവിധാനം വഴി ലഭിച്ച പരാതിപ്രളയത്തിന്‍റെ അടിസ്ഥാനത്തിലാണ് ടെലികോം മന്ത്രാലയവും ട്രായ്‌യും ചേര്‍ന്ന് ഈ ശക്തമായ നടപടി സ്വീകരിച്ചത്.
സ്‌പാം കോളുകള്‍ സഞ്ചാര്‍ സാഥി കീഴിലുള്ള ചക്‌ഷു എന്ന വെബ്‌സൈറ്റ് വഴി പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിരുന്നു. സംശയാസ്‌പദമായ ഫോണ്‍ കോളുകളും എസ്എംഎസുകളും വാട്‌സ്ആപ്പ് കോളുകളും സന്ദേശങ്ങളും ഇത്തരത്തില്‍ ചക്ഷു വഴി റിപ്പോര്‍ട്ട് ചെയ്യാം. സൈബര്‍ ക്രൈം, സാമ്പത്തിക തട്ടിപ്പ്, വ്യാജ കസ്റ്റമര്‍ സര്‍വീസ്, ലോണ്‍ ഓഫര്‍, വ്യാജ ലോട്ടറി, വ്യാജ തൊഴില്‍ ഓഫര്‍, മൊബൈല്‍ ടവര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍, കെവൈസി അപ്‌ഡേറ്റ്, സിം, ഇലക്ട്രിസിറ്റി കണക്ഷന്‍ വിച്ഛേദിക്കല്‍ തുടങ്ങി പല തരത്തിലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട കോളുകളും മെസേജുകളും ഈ വെബ്‌സൈറ്റില്‍ പ്രവേശിച്ച് അനായാസം റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരു കോടി ഫ്രോഡ് ഫോണ്‍ നമ്പറുകള്‍ വിച്ഛേദിച്ചത്.
Huge🚨 1 Crore fraud numbers disconnected via Sanchar Saathi 🚫📱 pic.twitter.com/zmt2uvkUSX
— DoT India (@DoT_India) September 11, 2024
ടെലികോം ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ സേവനം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ടെലികോം മന്ത്രാലയവും ട്രായ്‌യും ചേര്‍ന്ന് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നത്. സ്‌പാം രഹിത ടെലികോം സേവനവും വേഗതയാര്‍ന്ന ഇന്‍റര്‍നെറ്റും മൊബൈലില്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്പാം കോളുകള്‍ക്കായി ഉപയോഗിക്കുന്ന 3.5 ലക്ഷത്തിലധികം ഫോണ്‍ നമ്പറുകൾ വിച്ഛേദിക്കുകയും 50 സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തു. സഞ്ചാര്‍ സാഥിയുടെ സഹായത്തോടെ ഒരു കോടിയിലധികം തട്ടിപ്പ് മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ചതായും പിഐബിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട 2.27 ലക്ഷം മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്തിട്ടുമുണ്ട്.