കാസർകോട് : ലഹരി ഉത്പന്നങ്ങളുടെ വിപണനവും ഉപയോഗവും ഇല്ലാതാക്കുന്നതിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. ഒരുമാസത്തിനിടെ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ 136 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 140 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ പറഞ്ഞു. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 20 വരെയുള്ള കണക്കുകളാണിത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള (10 ഗ്രാമിന് മുകളിൽ) എം.ഡി.എം.എ. പിടിച്ചതിൽ മൂന്നു കേസുകളാണുള്ളത്.
ഇതിൽ രണ്ടെണ്ണം മഞ്ചേശ്വരത്തും ഒന്ന് മേൽപ്പറമ്പിലുമാണ്. 10 ഗ്രാമിൽ താഴെ എം.ഡി.എം.എ. കൈവശം വച്ചതിനും കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് 22, കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് 16, എം.ഡി.എം.എ. ഉൾപ്പെടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങൾ ഉപയോഗിച്ചതിന് 98 കേസുകളുമാണുള്ളത്.
കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് മഞ്ചേശ്വരത്താണ്. ആദൂർ സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് ചെടി നട്ടുപിടിപ്പിച്ചതിനാണ് ഒരാൾക്കെതിരെ കേസെടുത്തത്. വിദ്യാനഗർ, ബേക്കൽ, കുമ്പള, ഹൊസ്ദുർഗ്, ചന്തേര, ആദൂർ, ബദിയഡുക്ക എന്നീ സ്റ്റേഷനുകളിലാണ് കഞ്ചാവ് കടത്ത് കേസ് കൂടുതലെന്നും ഡി. ശില്പ പറഞ്ഞു.