കാസർകോട് : കഞ്ചാവ് കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതി 24 മണിക്കൂറിനുള്ളിൽ വീണ്ടും അറസ്റ്റിലായി. തളങ്കര കൊറക്കോട്ടെ കെ. നൗഷാദിനെയാണ് (42) എക്സൈസ് രണ്ടാമതും അറസ്റ്റ് ചെയ്തത്.
സ്കൂട്ടറിൽ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്ന യുവാവിനെ എക്സൈസ് കാസർകോട് സർക്കിൾ ഇൻസ്പെക്ടർ ഡി. അരുണിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച കാസർകോട് എം.ജി. റോഡിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. 28 ഗ്രാം കഞ്ചാവാണ് ആ സമയത്ത് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. ഈ കേസിൽ ജാമ്യമെടുത്ത് പുറത്തിറങ്ങിയ പ്രതി വീണ്ടും കഞ്ചാവുമായി വിൽപ്പനയ്ക്കായി സ്കൂട്ടിയിൽ പോകുമ്പോഴാണ് ചൊവ്വാഴ്ച വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസിന്റെ പിടിയിലായത്. എക്സൈസ് കാസർകോട് റെയ്‌ഞ്ച് ഇൻസ്പെക്ടർ ജെ. ജോസഫും സംഘവും വിദ്യാനഗർ പന്നിപ്പാറയിൽ നടത്തിയ പരിശോധനയിലാണ് 900 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്. ചെറിയ പ്ലാസ്റ്റിക് കവറിലാക്കി വണ്ടിയുടെ സീറ്റിനടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. ആവശ്യക്കാർക്ക് എത്തിക്കുന്നതിനുള്ള യാത്രയ്ക്കിടെയാണ് ഇയാൾ അറസ്റ്റിലായതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസർ കെ.വി. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. രാജേഷ്, ടി. കണ്ണൻകുഞ്ഞി, അമൽജിത്, അബ്ദുൾ അസീസ്, ടി. ഫസീല എന്നിവരാണുണ്ടായിരുന്നത്.