ഐഫോണ്‍ 16 ലോഞ്ചിന് മുമ്പ് അംബാനിയുടെ ‘കാഞ്ഞബുദ്ധി’; 15 പ്രോ മാക്‌സിന് വന്‍ വിലക്കുറവ്

0
232

മുംബൈ: ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസ് ഇന്ന് പുറത്തിറങ്ങുകയാണ്. ഇതിന് മുന്നോടിയായി മുന്‍ പ്രീമിയം മോഡലായ ഐഫോണ്‍ 15 പ്രോ മാക്‌സിന്‍റെ വില ഗണ്യമായി കുറച്ചിരിക്കുകയാണ് ഇ-കൊമേഴ്‌സ് വില്‍പന പ്ലാറ്റ്ഫോമായ റിലയന്‍സ് ഡിജിറ്റല്‍.

ഇതുവരെ ഇറങ്ങിയ ഏറ്റവും അഡ്വാന്‍സ്‌ഡായ ഐഫോണ്‍ മോഡലാണ് ഐഫോണ്‍ 15 പ്രോ മാക്സ്. 6.7 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‍ഡിആര്‍ ഡിസ്‌പ്ലെയിലാണ് ഇതുള്ളത്. ആകര്‍ഷകമായ ടൈറ്റാനിയം ബോഡിയിലാണ് നിര്‍മാണം. എ 17 പ്രോ ആണ് ചിപ്. 48 എംപിയുടെതാണ് പ്രധാന ക്യാമറ. 5x ടെലിഫോട്ടോ സൂം ഐഫോണ്‍ 15 പ്രോ മാക്‌സ് വാഗ്ദാനം ചെയ്യുന്നു. ഇറങ്ങിയപ്പോള്‍ മുതല്‍ വലിയ ശ്രദ്ധ ടെക് ലോകത്ത് പിടിച്ചുപറ്റിയ ഐഫോണ്‍ 15 പ്രോ മാക്‌സിന് ഇപ്പോള്‍ വില കുറഞ്ഞു.

ഇതിന്‍റെ 256 ജിബി വേരിയന്‍റിന് 1,54,000 രൂപയാണ് ഇന്ത്യയിലെ യഥാര്‍ഥ വില. വിലക്കുറവോടെ 1,37,000 രൂപയെ ഈ ഫോണിന് ഇപ്പോള്‍ റിലയന്‍സ് ഡിജിറ്റലിലുള്ളൂ. ഇതിന് പുറമെ ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 5,000 രൂപയുടെ ഡിസ്‌കൗണ്ടുമുണ്ട്. എയു ബാങ്ക് ക്രഡ‍ിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 6,000 രൂപയാണ് ഡിസ്‌കൗണ്ട്. ഇതോടെ 22,000-23,000 രൂപയുടെ ഡിസ്‌കൗണ്ട് ഐഫോണ്‍ 15 പ്രോ മാക്‌സിന് ലഭിക്കും. ഐഫോണ്‍ 16 സിരീസ് വരുന്നതോടെ പ്രാധാന്യം കുറയുന്നതാണ് ഐഫോണ്‍ 15 പ്രോ മാക്‌സിന്‍റെ വില കുറയാനുള്ള കാരണം.

ഇന്ന് നടക്കുന്ന ഗ്ലോടൈം ഇവന്‍റില്‍ ആപ്പിള്‍ പുത്തന്‍ സിരീസായ ഐഫോണ്‍ 16ലെ നാല് മോഡലുകള്‍ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയാണ് വരാനിരിക്കുന്ന സ്‌മാര്‍ട്ട്ഫോണ്‍ മോഡലുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here