ഉപ്പളയിലെ ലഹരി വേട്ട: അന്വേഷണം ഊർജ്ജിതമാക്കൻ പ്രത്യേക സ്ക്വാഡിനെ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കൾ എസ്പിയെ കണ്ടു

0
150

വിദ്യാനനഗർ: ഉപ്പള പത്വാടിയിൽ നടന്ന ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും മഞ്ചേശ്വരം, കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ തഴച്ചു വളരുന്ന ലഹരി മാഫിയയെ വേരോടെ പിഴിതറുക്കാൻ പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ച്‌ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം നേതാക്കന്മാർ ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐപിഎസിനെ കണ്ടു നിവേദനം നൽകി.

ലഹരി മേഖല കോടികൾ കൊഴിയുന്ന ബിസിനസ്സ് ആണെന്ന് മനസിലാക്കി പലരും ലക്ഷങ്ങൾ ഇറക്കി വൻലാഭം കൊയ്യുന്നതായും സംശയമുണ്ടെന്നും ചെറിയ അളവിൽ ലഹരി വസ്തുക്കൾ പിടിക്കപ്പെടുന്ന കേസുകളുടെ പിന്നാമ്പുറത്തേക്ക് പോവാതെ സ്റ്റേഷൻ ജാമ്യത്തിൽ പ്രതികളെ വിട്ടയക്കുന്ന രീതി തുടരുന്നത് ലഹരി മാഫിയക്ക് ഈ രംഗത്ത് കൂടുതൽ പ്രചോദനമുണ്ടാകുന്നുവെന്നും ഇത് തടയാൻ ചെറിയ കണ്ണികളിൽ അന്വേഷണം അവസാനിപ്പിക്കാതെ ഇതിന്റെ ഉത്ഭവത്തിലേക്കും അന്വേഷണം വ്യാപിച്ച്‌ ഈ ശൃംഖലയെ തന്നെ ഉന്മൂലനം ചെയ്യണമെന്നും യൂത്ത്‌ ലീഗ് നേതാക്കൾ എസ്പിയോട് ആവശ്യപ്പെട്ടു.

ആഡംബര ജീവിതം നയിക്കാനായി പലരും ലഹരി മാഫിയയുടെ കണ്ണികളാവുന്നതായും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ചില മാന്യ സംഘങ്ങൾ സംശയാസ്പദമായ സാഹചര്യങ്ങളിൽ ഉപ്പള കേന്ദ്രീകരിക്കുന്നതായും സംശയമുണ്ടെന്നും പൊലീസിലെ അപൂർവ്വം ചിലരുടെ രഹസ്യ കണ്ണടയ്ക്കലും ഇവർക്ക് വളമാകുന്നതായും ലഹരി മാഫിയയ്ക്ക് നേരെയുണ്ടാകുന്ന അന്വേഷങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ഭാഗത്തു നിന്നുള്ള എല്ലാവിധ പിന്തുണയുണ്ടാവുമെന്നും യൂത്ത് ലീഗ് നേതാക്കൾ എസ്പിയോട് ധരിപ്പിച്ചു.

യൂത്ത് ലീഗ് നേതാക്കളായ അസീസ് കളത്തൂർ, ബിഎം മുസ്തഫ, സിദ്ധീഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള തുടങ്ങിയവരാണ് എസ്പിയെ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here