കാസർകോട്ട്‌ വരുന്നു ഫുഡ് സ്ട്രീറ്റ്; വൈദ്യുതവാഹന പ്ലാന്റിനും ആലോചന

0
165

കാസർകോട് : ജില്ലയിലെ ആദ്യ ഫുഡ് സ്ട്രീറ്റിന് പദ്ധതിയാകുന്നു. വിദ്യാനഗർ അസാപ് മുതൽ കോടതിസമുച്ചയം വരെയുള്ള പാതയോരത്ത് ‘ഫുഡ് സ്ട്രീറ്റ്’ ആരംഭിക്കാനാണ് ധാരണ. അതിന് കാസർകോട് നഗരസഭയും ദേശീയപാത അതോറിറ്റിയും ചേർന്ന് ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കും.

ജില്ലയിൽ വൈദ്യുതവാഹന പ്ലാന്റ് സ്ഥാപിക്കാനും ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകാനും ‘നമ്മുടെ കാസർകോട്’ -കളക്ടറുടെ മുഖാമുഖം പരിപാടിയുടെ ആദ്യയോഗത്തിൽ തീരുമാനിച്ചു. മഞ്ചേശ്വരം ഉൾപ്പെടെ ജില്ലയിലെ വിവിധ മേഖലകളിൽ കൂടുതൽ വ്യവസായ പാർക്കുകളുടെ സാധ്യതയും വിലയിരുത്തി.

ദേശീയപാതാവികസനത്തെ തുടർന്ന് ജില്ലയിൽ രൂപപ്പെടുന്ന പുതിയ അവസരങ്ങളുടെ സാധ്യതാപഠനം നടത്തുമെന്ന് മുഖാമുഖത്തിൽ കളക്ടർ കെ.ഇമ്പശേഖർ പറഞ്ഞു. അതിനായി റവന്യൂവകുപ്പ്, എൻ.എച്ച്.എ.ഐ., നിർമാണക്കമ്പനികൾ, ജില്ലാ വ്യവസായകേന്ദ്രം, വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപവത്കരിക്കും. ഈ വിഷയത്തിൽ പൊതുജനങ്ങളിൽനിന്ന്‌ നിർദേശങ്ങൾ സ്വീകരിക്കും.

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ നൽകിയ നിർദേശങ്ങൾ മുഖാമുഖത്തിൽ ചർച്ചചെയ്തു.

ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ.സജിത്ത് കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ആർ.രേഖ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് കാസർകോട് ചാപ്റ്റർ ചെയർമൻ എ.കെ.ശ്യാംപ്രസാദ്, ജനറൽ കൺവീനർ എം.എൻ.പ്രസാദ്, ട്രഷറർ ജലീൽ മുഹമ്മദ്, അബ്ദുൽഖാദർ, മൻസൂർ തുടങ്ങിയവർ പങ്കെടുത്തു.

പൊതുജനങ്ങൾക്ക് nammudekasaragod@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് വിവിധ വിഷയങ്ങളിലുള്ള നിർദേശങ്ങൾ നൽകാം.

LEAVE A REPLY

Please enter your comment!
Please enter your name here