യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു; ഔദ്യോഗിക പ്രഖ്യാപനമായി

0
90

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു. ടി സീരീസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുവരാജിന്റെ ലോകകപ്പ് പ്രകടനങ്ങളും ക്യാൻസർ അതിജീവനവുമെല്ലാം സിനിമയുടെ ഉള്ളടക്കമാകും. സിനിമയിലെ നായകനെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല.

സച്ചിൻ തെണ്ടുൽക്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ‘സച്ചിൻ: എ ബില്ല്യൺ ഡീംസ്’ സംവിധാനം ചെയ്ത രവി ഭാഗചാന്ദ്കയാണ് ടി സീരീസിന് വേണ്ടി ചിത്രം ഒരുക്കുന്നത്. 2007 ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ നേടിയ യുവരാജിന്റെ വിഖ്യാതമായ ആറുസിക്സറുകളെ ഓർമിപ്പിക്കുന്ന ‘സിക്സ് സിക്സസ്’ എന്ന പേരാണ് സിനിമക്ക് നൽകിയിരിക്കുന്നത്.

‘‘ലോകത്തുള്ള കോടിക്കണക്കിന് ആരാധകർക്കിടയിലേക്ക് ഈ സിനിമയെത്തുന്നത് അഭിമാനമായി കാണുന്നു. ഉയർച്ചകളിലും താഴ്ചകളിലും ക്രിക്കറ്റിനോടായിരുന്നു എന്റെ പ്രണയം. വെല്ലുവിളി അതിജീവിച്ച് സ്വപ്നങ്ങൾ വെട്ടിപ്പിടിക്കാനൊരുങ്ങുന്നവർക്ക് ഈ സിനിമ പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’’ -യുവരാജ് സിങ് പ്രതികരിച്ചു.

മുൻ ഇന്ത്യൻ താരങ്ങളായ മഹേന്ദ്ര സിങ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ കളിയും ജീവിതവും സിനിമകളായിരുന്നു. 1983​ ലോകകപ്പ് വിജയവും ബോളിവുഡിലൂടെ ബിഗ് സ്ക്രീനിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here