‘പ്രിയനേ, ഗസ്സയുടെ രക്തസാക്ഷികളോടെല്ലാം എന്റെ സലാം പറയുക’-ഹനിയ്യയുടെ അന്ത്യയാത്രയില്‍ ഭാര്യ

0
186

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് അമാല്‍ പ്രിയതമന്‍ ഇസ്മാഈല്‍ ഹനിയ്യയെ അവസാനമായൊരു നോക്കുകണ്ടത്. ഹനിയ്യയുടെ ചേതനയറ്റ ശരീരത്തിനരികെ നില്‍ക്കുമ്പോഴും അവരുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നില്ല. തേങ്ങലടക്കാനാകാതെ നിയന്ത്രണംവിട്ടുകരയുന്ന ജീവിതപങ്കാളിയെയുമല്ല നമ്മള്‍ അവിടെ കണ്ടത്. മനക്കരുത്തും നിശ്ചയദാര്‍ഢ്യവും സ്ഫുരിക്കുന്ന ശബ്ദത്തില്‍ ഹനിയ്യയോട് അവസാനമായൊരു ആഗ്രഹം കൂടിയവര്‍ പറഞ്ഞു, അതൊട്ടും വ്യക്തിപരമായിരുന്നില്ല: ”ഗസ്സയുടെ രക്തസാക്ഷികളോടെല്ലാം എന്റെ സലാം പറയുക!”

ഇന്നലെയാണ്, ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ അന്ത്യചടങ്ങുകള്‍ക്ക് ദോഹ സാക്ഷ്യംവഹിച്ചത്. ഫലസ്തീന്‍ വിമോചന പോരാട്ടത്തിന്റെ പോര്‍മുഖത്ത് നിലയുറപ്പിച്ചു മരണംവരിച്ച പോരാളിയുടെ അന്ത്യയാത്രയില്‍ പങ്കെടുക്കാനായി ആയിരങ്ങളാണ് ദോഹയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ എത്തിയിരുന്നത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മുതല്‍ സാധാരണ മനുഷ്യര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. മയ്യിത്ത് നമസ്‌കാരത്തിനും ഖബറടക്ക ചടങ്ങുകള്‍ക്കും മുന്‍പ് പൊതുദര്‍ശനവും നടന്നു.

ഹനിയ്യയുടെ ഭൗതികദേഹത്തിനരികെ നിന്ന് പ്രിയതമ സംസാരിക്കുന്ന വൈകാരികമായ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കണ്ടുനില്‍ക്കുന്നവരുടെയെല്ലാം കണ്ണുനിറയ്ക്കുന്നതായിരുന്നു ആ രംഗങ്ങള്‍. മനസ്സുലയ്ക്കുന്നതായിരുന്നു അവരുടെ വാക്കുകളോരോന്നും.

”പ്രിയപ്പെട്ടവനേ… ഗസ്സയിലെ എല്ലാ രക്തസാക്ഷികളോടും എന്റെ സലാം പറയുക; കുട്ടികളോടും വയോധികരോടുമെല്ലാം. പ്രിയനേ… താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാം ആയാസരഹിതമാക്കിത്തരട്ടെ. ഈ ലോകത്തും പരലോകത്തും എന്റെ ഇഷ്ടനാണ് താങ്കള്‍. രണ്ടുലോകത്തും എന്റെ ആശ്രയമാണ് താങ്കള്‍. താങ്കളുടെ നിശ്ചയദാര്‍ഢ്യവും ക്ഷമയുമെല്ലാം ഞങ്ങള്‍ക്കും അനന്തരം ലഭിച്ചിട്ടുണ്ട്”-അമാല്‍ അവസാനമായി ഹനിയ്യയോട് പറഞ്ഞു.

ഹനിയ്യയുമായി അവസാനമായി അടുത്തിടപഴകിയ ഓര്‍മകള്‍ മരുമകള്‍ ഈനാസ് ഹനിയ്യയും പങ്കുവച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഈനാസിന്റെ ഭര്‍ത്താവും മക്കളും കൊല്ലപ്പെട്ടപ്പോഴാണ് അവസാനമായി അവരെ കാണാന്‍ ഇസ്മാഈല്‍ ഹനിയ്യ ഗസ്സയിലെത്തുന്നത്. പ്രിയ സന്തതിയുടെയും പേരക്കുട്ടികളുടെയും മരണവാര്‍ത്ത അഭിമാനത്തോടെയായിരുന്നു അദ്ദേഹം സ്വീകരിച്ചതെന്ന് ഈനാസ് പറയുന്നുണ്ട്്. അവര്‍ക്ക് എല്ലാ കാര്യങ്ങളും എളുപ്പമാകട്ടെ എന്ന് അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്തു. ഒന്നും സംഭവിക്കാത്ത പോലെയാണ് എന്നെ അദ്ദേഹം ആശ്വസിപ്പിച്ചത്. രക്തസാക്ഷികളുടെ മാതാവേ എന്നു ചിരിച്ചുകൊണ്ട് അദ്ദേഹം എന്നെ വിളിച്ചു. നിങ്ങള്‍ രക്തസാക്ഷികളുടെ ഉപ്പയും ഉപ്പാപ്പയുമല്ലേ എന്നു ഞാന്‍ തിരിച്ച് അങ്ങോട്ടും പറഞ്ഞെന്ന് ഈനാസ് വെളിപ്പെടുത്തി.

ഇതിനുശേഷവും എപ്പോഴും അദ്ദേഹവുമായി സംസാരിക്കുമായിരുന്നു. ‘ശാന്തമായ മനസ്സേ, നിന്റെ സ്രഷ്ടാവിലേക്ക് സന്തോഷവാനായി മടങ്ങുക’ എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനം വായിച്ച കാര്യം ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. ഇവിടെയല്ല എന്റെ ഇടമെന്നും, സ്വര്‍ഗമാണമാണു ലക്ഷ്യമെന്നെല്ലാം അദ്ദേഹം വിശദീകരിച്ചു. രക്തസാക്ഷികള്‍ ദൈവം നല്‍കിയതില്‍ സന്തുഷ്ടരാണെന്ന് ഖുര്‍ആനിലൊരു സൂക്തത്തില്‍ പറയുന്നുണ്ട്. ഇസ്മാഈല്‍ ഹനിയ്യയും സന്തോഷവാനായിരിക്കും. അതില്‍ ഞങ്ങളും ആഹ്ലാദിക്കുന്നു. ദൈവമാര്‍ഗത്തില്‍ കൊല്ലപ്പെട്ടവര്‍ മരിച്ചുപോയവരല്ലെന്നും, ദൈവത്തിന്റെ അടുത്ത് പ്രതിഫലങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കുകയാണ്, ദൈവത്തില്‍നിന്നു ലഭിച്ചതില്‍ സന്തുഷ്ടരാണ് അവരെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. ഇതാണ് ഞങ്ങളുടെ പാഥേയവും കരുത്തും. ഒട്ടും വൈകാതെ ഈനാസിന്റെ രക്തസാക്ഷിത്വവും സംഭവിക്കും. അതുകൊണ്ട് താന്‍ പേടിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

ജൂലൈ 31നു പുലര്‍ച്ചെയാണ് തെഹ്റാനിലെ ഗസ്റ്റ് ഹൗസിനുനേരെ നടന്ന ആക്രമണത്തില്‍ ഇസ്മാഈല്‍ ഹനിയ്യയും അംഗരക്ഷകനും കൊല്ലപ്പെടുന്നത്. പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി തെഹ്റാനിലെത്തിയതായിരുന്നു അദ്ദേഹം. ഗസ്സയില്‍ വെടിനിര്‍ത്തലിനായി ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഹമാസിനും ഇസ്രായേലിനും ഇടയില്‍ സുപ്രധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണു ലോകത്തെ ഞെട്ടിപ്പിച്ച സംഭവം.

ബുധനാഴ്ച വൈകീട്ടോടെ മൃതദേഹം ഖത്തറിലെത്തിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ഖത്തറിലെ ഏറ്റവും വലിയ പള്ളിയായ ദോഹയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടന്നു. ഫലസ്തീന്‍ പതാകയില്‍ പൊതിഞ്ഞായിരുന്നു ജനാസ പള്ളിയിലെത്തിച്ചത്. ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ നമസ്‌കാരത്തിനു നേതൃത്വം നല്‍കി. വൈകീട്ട് മൂന്നോടെ ഖത്തറിലെ ലുസൈലില്‍ മയ്യിത്ത് ഖബറടക്കി.

ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീല്‍ചെയറിലാണ് ശൈഖ് ഹമദ് ചടങ്ങിനെത്തിയത്. ഖത്തര്‍ പ്രധാനമന്ത്രിയും വിശേദകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനി, ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് റിസ ആരിഫ്, തുര്‍ക്കി വൈസ് പ്രസിഡന്റ് സിവ്ദെത് യില്‍മാസ്, വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍, മലേഷ്യ ആഭ്യന്തര സഹമന്ത്രി ഷംസുല്‍ അന്‍വാര്‍, ഇന്തോനേഷ്യ മുന്‍ വൈസ് പ്രസിഡന്റ് യൂസുഫ് കല്ല, ഹമാസ് മുന്‍ തലവന്‍ ഖാലിദ് മിശ്അല്‍ തുടങ്ങി പ്രമുഖരും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here