മഹാവ്യസനത്തിൽ വിങ്ങി വയനാട്: മരണം 331 ആയി; കാണാമറയത്ത് ഇനിയും ഇരുന്നൂറിലധികം പേർ

0
166

മേപ്പാടി: ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദീനവിലാപങ്ങൾ. ആയുസിന്റെ അധ്വാനം കൊണ്ട് പണിതുയർത്തിയ വീട് നഷ്ടപ്പെട്ട വേദനയിൽ പകച്ചുനിൽക്കുന്നവർ. കേരളത്തിന്റെയൊന്നാകെ ഉള്ളുനീറുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക വളർത്തുകയാണ്. ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 331 പേർ മരിച്ചെന്നാണ് അനൗദ്യോ​ഗികമായി പുറത്തുവരുന്ന വിവരം. കാണാതായവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ മരണസംഖ്യ വളരെയേറെ ഉയർന്നേക്കാം എന്ന ഭയവും ഏറുന്നു.

ഔദ്യോഗികമായി ഇതുവരെ 199 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 89 പുരുഷന്മാരും 82 സ്ത്രീകളും 28 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതിൽ 181 മൃതദേഹങ്ങളുടെ പോസ്റ്റ്മാർട്ടം കഴിഞ്ഞു. ഇനിയും ഇരുന്നൂറിലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

മരിച്ചവരിൽ133 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 130 ശരീരഭാ​ഗങ്ങൾ പലയിടങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പോസ്റ്റുമാർട്ടം നടപടികൾ‌ പൂർത്തിയായി. നിലവിൽ ബന്ധുക്കൾക്ക് 116 പേരുടെ മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും കൈമാറിയെന്നാണ് സർക്കാർ പുറത്തുവിട്ട കണക്ക്. ജില്ലാ ഭരണകൂടത്തിന് കൈമാറിയത് 56 മൃതദേഹങ്ങളാണ്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങി ബന്ധുക്കൾക്ക് 21 പേരുടെ മൃതദേഹങ്ങൾ കൈമാറി.

ദുരന്തബാധിതരിൽ പലരും ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. 264 പേരെയാണ് ദുരന്തപ്രദേശത്തുനിന്നും ആശുപത്രികളിലെത്തിച്ചത്. വയനാടിന് പുറമേ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 86 പേർ ചികിത്സയിലുണ്ട്. 176 പേർ ഡിസ്ചാർജായി.

കാണാതായവരെ കണ്ടെത്താനായി ദുരന്തമേഖലകളിൽ വ്യാപകമായ തിരച്ചിലാണ് വെള്ളിയാഴ്ച നടക്കുന്നത്. സൈന്യം, എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ് ഗാര്‍ഡ്എന്നിവ ഉള്‍പ്പടെ 40 സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. മുണ്ടക്കൈ ജങ്ഷന് മുകളിലുള്ള പ്രദേശമായ പുഞ്ചിരിമട്ടത്തിന് താഴെയുള്ള ഭാഗങ്ങളിലായിരുന്നു വ്യാഴാഴ്ച തിരച്ചില്‍ നടന്നത്. മുകള്‍ഭാഗത്തേക്ക് കയറിയുള്ള പരിശോധനയാണ് വെള്ളിയാഴ്ച നടക്കുന്നത്. കഡാവര്‍ നായകളേയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. സൈന്യം തിരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഉരുള്‍പൊട്ടലുണ്ടായ മേഖലകളിലാണ്. മലപ്പുറത്ത് ലോക്കല്‍ പോലീസും അഗ്നിരക്ഷാസേനയും പ്രാദേശിക
രക്ഷാപ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തുന്നത്.

വെള്ളാര്‍മല വില്ലേജ് ഓഫീസിനോട് ചേര്‍ന്ന ഭാഗങ്ങളിലാകും ഇനി മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഈ മേഖലയിലാണ് മരങ്ങള്‍ കൂടുതലായി വന്നടിഞ്ഞിരിക്കുന്നത്. വില്ലേജ് ഓഫീസിന്റെ ഒരു ഭാഗത്തുനിന്ന് 30-ല്‍ അധികം മൃതദേഹങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here