കാസർകോട് ജില്ലയിൽ 70% കുടിവെള്ളത്തിലും ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം

0
210

കാസർകോട്: ശുചിത്വ മിഷൻ ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിൽ നിന്ന് ശേഖരിച്ച കുടിവെള്ളം പരിശോധിച്ചപ്പോൾ 70 % കുടിവെള്ളത്തിലും ഇ–കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നു ജില്ലാ പ‍‍ഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ. മാലിന്യ മുക്ത നവകേരളം ക്യാംപെയ്നിൽ ഇത്തരം പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങളും ചർച്ചയാകണമെന്നും ജില്ലയിൽ വിവിധയിടങ്ങളിൽ എഫ്എസ്ടിപികൾ ആരംഭിക്കുന്നതിനെതിരെ ജനങ്ങൾ രംഗത്ത് വരികയാണെന്നും അവരുടെ അജ്ഞത അകറ്റി വികസനത്തിന് മുന്നിൽ നിൽക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാംപെയ്നിന്റെ ഭാഗമായി ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പഞ്ചായത്തുകളെ ദത്തെടുത്ത് ശുചീകരിക്കുന്ന പ്രവർത്തനങ്ങളിലേക്ക് രാഷ്ട്രീയ പാർട്ടികൾ മാറണമെന്നും കക്ഷി, രാഷ്ട്രീയ ഭേദമില്ലാതെ മാലിന്യമുക്ത നവകേരളം ക്യാംപെയ്നിനൊപ്പം രാഷ്ട്രീയ പാർട്ടികൾ ചേരണമെന്നും കടലോരങ്ങളും പുഴയോരങ്ങളും പാതയോരങ്ങളുമെല്ലാം ശുചീകരിച്ച് 2025 ഓടെ മാലിന്യ മുക്ത നവകേരളം സാധ്യമാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

നിലവിൽ യുവാക്കൾ ഹരിത കർമസേനയുമായി ചേർന്ന് ഒരു വാർഡിൽ 2 ദിവസം എന്ന ക്രമത്തിൽ ഗൃഹസന്ദർശനങ്ങൾ നടത്തുന്നു. ഗൃഹ സന്ദർശനത്തിന് ശേഷം ഓരോ വീടുകളിലെയും മാലിന്യ സംസ്‌കരണ രീതികൾ പഠിച്ച് പരിമിതികൾ തിരിച്ചറിയും. 10 മുതൽ 50 വരെ വീടുകൾക്കായി സെപ്റ്റംബർ 1 മുതൽ 10 വരെ യുവതയുടെ നേതൃത്വത്തിൽ വീട്ടുമുറ്റ ശുചിത്വ സദസ്സ് നടത്തും.പല തദ്ദേശ സ്ഥാപനങ്ങളിലും ഹരിത കർമസേനയുടെ കവറേജ് 50 ശതമാനം മാത്രമാണ്. ക്യാംപെയ്നിന്റെ ഭാഗമായി അത് ഉയർത്തി കൂടുതൽ മികച്ച പ്രവർത്തനം നടത്തേണ്ടതുണ്ട്. ഒക്ടോബർ 2ന് ഉദ്ഘാടനം നടക്കുന്ന ക്യാംപെയ്ൻ മാർച്ച് 30ന് സമാപിക്കും.

ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ പി.ജയൻ അധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.ബാലകൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കുഞ്ഞമ്പു നമ്പ്യാർ, സി.പി.ബാബു, ടി.എം.എ.കരീം, സുബൈർ പടുപ്പ്, എം.ഉമ, അബ്ദുല്ലക്കു‍ഞ്ഞി ചെർക്കള, കെ.ബി.മുഹമ്മദ്, ഡോ. സൂരജ്, കെ.അജയകുമാർ, സനൽ, തദ്ദേശ വകുപ്പ് കാസർകോട് അസിസ്റ്റന്റ് ഡയറക്ടർ ബി.എൻ.സുരേഷ്, മാലിന്യ മുക്ത നവകേരളം കോഓർഡിനേറ്റർ എച്ച്.കൃഷ്ണ എന്നിവർ 
പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here