ദർശന് ജയിലിൽ വിഐപി പരിഗണന; ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

0
174

ബെംഗളൂരു: രേണുക സ്വാമി കൊലക്കേസ് പ്രതി നടൻ ദർശന് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ നടപടി. സംഭവത്തിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജയിലർ ഉൾപ്പടെയുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിലിൽ ദർശന് ബെഡ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ദർശനെ ജയിൽ മാറ്റാനാണ് സാധ്യത. വിൽസൺ ഗാർഡൻ നാഗ എന്ന കുപ്രസിദ്ധ ഗുണ്ടയാണ് ദർശന്റെ ജയിലിലെ സുഹൃത്ത്. പബ്ലിസിറ്റിക്കു വേണ്ടി ഇയാളുടെ ആളുകൾ എടുത്ത ഫോട്ടോയാണ് ഇപ്പോൾ പുറത്തുവന്നതും വിവാദമായതും.

വീഡിയോ കോൾ ചെയ്ത് സുഹൃത്തുക്കളുമായി സംസാരിക്കുന്നതും ജയിൽ വളപ്പിൽ കൂട്ട് പ്രതികൾക്കൊപ്പമിരുന്ന് ചായകുടിക്കുന്നതും പുക വലിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആരാധകനായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ ദർശൻ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. ജയിലിൽ വീട്ടിലെ ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കണമെന്ന ദർശന്റെ ഹർജി ജയിൽ അധികൃതർ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദർശന് വിവിഐപി പരിഗണന കിട്ടുന്ന ദൃശ്യങ്ങൾ പുറത്തായത്. ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ചിത്രം കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും മറ്റ് സാധാരണ തടവുകാരെപ്പോലെ വേണം ദർശനെ പരിഗണിക്കേണ്ടതെന്നും രേണുകസ്വാമിയുടെ പിതാവ് കാശിനാഥ് എസ് ശിവനഗൗദ്രു പറഞ്ഞു. ചിത്രം കാണുമ്പോൾ അദ്ദേഹം ഒരു റിസോർട്ടിൽ ഇരിക്കുന്നതായി തോന്നുന്നുവെന്നും കാശിനാഥ് പ്രതികരിച്ചു.

ദർശന്റെ കടുത്ത ആരാധകൻ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്നു ഇയാൾ. ജൂൺ 9നാണ് ബെംഗലൂരുവിലെ സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലിൽ നിന്നും രേണുക സ്വാമിയുടെ മ‍ൃതദേഹം ലഭിച്ചത്. ആദ്യം പൊലീസ് ഇതൊരു ആത്മഹത്യയാണ് എന്നാണ് കരുതിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണ് എന്ന് തെളിയുകയായിരുന്നു. മൃതദേഹത്തിൽ ഇടുപ്പെല്ലിനും നടുവിനും കൈക്കും ഗുരുതരമായി മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.

ആദ്യഘട്ടത്തിൽ കസ്റ്റഡിയിലായവർ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരായി എന്നാണ് കന്നഡ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തത്. അവർ ആദ്യം സാമ്പത്തിക തർക്കത്തിൽ കൊലപാതകം നടത്തിയെന്നാണ് പറ‍ഞ്ഞത്. എന്നാൽ തുടർന്നും പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കൂടുതൽപ്പേർ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ദർശൻറെ പങ്ക് പൊലീസ് മനസിലാക്കിയത്. തുടർന്നായിരുന്നു അറസ്റ്റ്.

 

LEAVE A REPLY

Please enter your comment!
Please enter your name here